അബുദാബി | UAE വാർത്ത
യുഎഇയിൽ അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ വഴി തട്ടിപ്പ് നടക്കുന്നുവെന്ന് Abu Dhabi Police മുന്നറിയിപ്പ് നൽകി. ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ടോൾ കടന്നതിനാൽ 100 ദിർഹം പിഴയുണ്ടെന്ന് അറിയിക്കുന്ന സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്.
നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യം തടഞ്ഞുവെന്നും, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് കുടിശിക ഉടൻ ഓൺലൈനായി അടയ്ക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. അബുദാബിയിൽ താമസിക്കുന്ന മലയാളികളടക്കം നിരവധി വിദേശികൾക്ക് ഈ തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചതായാണ് വിവരം.
വിദേശ രാജ്യങ്ങളുടെ കോഡുള്ള നമ്പറുകളിൽ നിന്നാണ് (+63… ഉൾപ്പെടെ) ഇത്തരം സന്ദേശങ്ങൾ എത്തിയതെന്നും, ടോൾ കടക്കാത്തവർക്കുപോലും സമാന സന്ദേശങ്ങൾ ലഭിച്ചതുമാണ് സംശയം വർധിപ്പിച്ചത്. നിജസ്ഥിതി അറിയാൻ പലരും ഗതാഗത വകുപ്പുമായി ബന്ധപ്പെടുകയും, സന്ദേശം പൂർണ്ണമായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.
ഇത്തരം സന്ദേശങ്ങൾക്ക് പ്രതികരിക്കരുതെന്നും, നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. വിദേശ കോഡ് ഉപയോഗിച്ചുള്ള നമ്പറുകളിൽ നിന്നാണ് സാധാരണയായി ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നതെന്നും, അതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.




































