തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള മകൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിതാവ് ഷിജിലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുഞ്ഞിന്റെ കരച്ചിൽ മൂലം ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്ന് ദേഷ്യത്തിൽ ആക്രമിച്ചെന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
കവളാകുളം ഐക്കരവിളാകത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന ഷിജിൽ (44) വെള്ളിയാഴ്ച രാത്രിയിലാണ് അറസ്റ്റിലായത്. പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിനും തുടർ അന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയിച്ചു.
ഫൊറൻസിക് പരിശോധനയിൽ, മടിയിൽ ഇരുത്തിയ നിലയിൽ കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ ഏൽപ്പിച്ച ക്ഷതത്തെ തുടർന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻപും ഉപദ്രവിച്ചെന്ന സംശയം
കുഞ്ഞ് തന്റേതല്ലെന്ന സംശയം ഷിജിലിനുണ്ടായിരുന്നുവെന്നും, കുഞ്ഞിനോട് സ്നേഹപരമായ സമീപനം ഇയാൾ കാണിച്ചിരുന്നില്ലെന്നും ഭാര്യ കൃഷ്ണപ്രിയയും ബന്ധുക്കളും ആരോപിച്ചു. കുഞ്ഞിന്റെ കൈ മുൻപ് ഒടിഞ്ഞ സംഭവവും, മുഖത്ത് പുതപ്പ് ഇടുകയും കൈകാലുകൾ പിടിച്ചു തിരിക്കുകയും ചെയ്തിരുന്നുവെന്ന വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
കുഞ്ഞ് അസുഖപ്പെട്ടപ്പോഴെല്ലാം ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിജിൽ വിമുഖത കാട്ടിയിരുന്നുവെന്നും, മുൻപും കുഞ്ഞിനെ ഉപദ്രവിച്ചതായി ഇയാൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
English Summary
In a shocking incident from Kerala’s Neyyattinkara, a father has been arrested and remanded in custody for allegedly killing his one-year-old son. Police say the accused admitted to assaulting the child after losing sleep due to the baby’s crying. Investigators are probing earlier instances of abuse as part of the ongoing investigation.





































