പീച്ചി (തൃശൂർ):തൃശൂരിലെ പീച്ചിയിൽ വനത്തിനുള്ളിൽ ആടിനെ തീറ്റാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മയിലാട്ടുംപാറ തോട്ടുംകര പുത്തൻവീട്ടിൽ ഷാജിയുടെ മകൻ ഷിജോ (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. വനത്തിനുള്ളിലേക്ക് ആടിനെ തീറ്റാൻ പോയ ഷിജോയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 10.55ഓടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അവിവാഹിതനാണ് ഷിജോ. മാതാവ്: സാലി.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










































