ദുബൈ: വിമാനമിറങ്ങുന്ന യാത്രക്കാരുടെയെല്ലാം പൊതുവെയുള്ള വേവലാതിയാണ് ബാഗേജിനായി കൺവെയർ ബെൽറ്റിനടുത്ത് കാത്തു നിൽക്കണമെന്നത്. എന്നാലിനി ആ സമ്മര്ദത്തെ ഒഴിവാക്കാം. അതിനായി ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ (ഡി.എക്സ്.ബി) പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ്. ഇനി ലഗേജ് നേരിട്ട് യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കും. മാത്രമല്ല, ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് അവരുടെ ലഗേജ് റിമോട്ടായി ചെക്ക് ഇൻ ചെയ്യാനും കൈമാറാനും, എമിഗ്രേഷൻ വഴി വേഗത്തിൽ ട്രാക്ക് ചെയ്യാനും, ലോഞ്ചിൽ വിശ്രമിക്കാനും കഴിയും.എമിറേറ്റ്സ് എയർലൈനിന്റെ യാത്രാ-വിമാനത്താവള സേവന വിഭാഗമായ ഡിനാറ്റ(ദുബൈ നാഷനൽ എയർ ട്രാവൽ ഏജൻസി)യുടെ ഭാഗമായ മർഹബയുടെ ‘ദുബ്‌സ്'(ബാഗേജ് ടെക്‌നോളജി ആൻഡ് ലോജിസ്റ്റിക്സ് കമ്പനി)ൽ നിന്നുള്ള ഓഫറുകൾ അതിന്റെ വിപുലീകൃത സേവന വിഭാഗത്തിൽ സംയോജിപ്പിച്ചതായി ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി, മർഹബ ഇപ്പോൾ മൂന്ന് സിഗ്നേച്ചർ ദുബ്‌സ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു:
- ചെക്ക്-ഇൻ എനിവേർ: ഈ സേവനം മുഖേന യാത്രക്കാർക്ക് അവരുടെ വീടിന്റെയോ ഹോട്ടലിന്റെയോ ഓഫിസിന്റെയോ മേൽവിലാസത്തിൽ നിന്ന് ചെക്ക്-ഇൻ ചെയ്യാൻ കഴിയും. പറയുന്ന സ്ഥലത്ത് ചെക്ക്-ഇൻ ഏജന്റുമാർ ബോർഡിംഗ് പാസുകൾ നൽകുകയും ലഗേജ് ശേഖരിക്കുകയും അത് വിമാനത്താവളത്തിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും.
- ലാൻഡ് ആൻഡ് ലീവ്: എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് ബാഗേജ് ക്ലെയിം പൂർണമായും ഒഴിവാക്കാൻ ഇത് മുഖേന കഴിയും. യാത്രക്കാരൻ എയർപോർട്ടിൽ ഇറങ്ങിയാൽ നേരെ പോകാം. മണിക്കൂറുകൾക്കുള്ളിൽ ലഗേജ് അവരുടെ വീട്ടുവാതിൽക്കൽ എത്തും.
- ബാഗേജ് സ്റ്റോറേജ് ആൻഡ് ഡെലിവറി: യാത്രക്കാർക്ക് ഹ്രസ്വ കാല/വിപുലീകൃത ബാഗേജ് സ്റ്റോറേജ് സൗകര്യങ്ങളും യു.എ.ഇയിലുടനീളം അതേ ദിവസത്തെ സുരക്ഷിത ഡെലിവറിയും വാഗ്ദാനം ചെയ്യുന്ന സൗകര്യമാണിത്. ട്രാൻസിറ്റ് യാത്രക്കാർക്കോ, നേരത്തെയുള്ള ചെക്ക്ഔട്ടുകൾക്കോ, അല്ലെങ്കിൽ നഗരത്തിലെ ബാഗേജ് രഹിത അനുഭവം ആഗ്രഹിക്കുന്നവർക്കോ ഇത് തീർത്തും അനുയോജ്യമാണ്.
ബുക്കിംഗ് നടത്തേണ്ട വിധം
യാത്രക്കാർക്ക് marhabaservices.com-ൽ ഈ സേവനങ്ങൾ ഇപ്പോൾ ബുക്ക് ചെയ്യാം. ദുബൈയിലെ നിയുക്ത സേവന കേന്ദ്രങ്ങളിൽ ബാഗേജ് സംഭരണവും ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു. ‘മീറ്റ് ആൻഡ് ഗ്രീറ്റ്’, ലോഞ്ച് ആക്‌സസ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഓഫറുകളുമായി സംയോജിപ്പിച്ച്, എയർപോർട്ട് ടെർമിനലിനപ്പുറം വ്യാപിക്കുന്ന, പൂർണമായും സംയോജിതമായ ഹോസ്പിറ്റാലിറ്റിയോടെയുള്ള ചുരുക്കം ചില ആഗോള ദാതാക്കളിൽ ഒന്നാണ് മർഹബ.
ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റം തങ്ങൾ കാണുന്നുവെന്ന് ഡിനാറ്റയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
2016ൽ ആരംഭിച്ച ദുബ്സ്, 2018ൽ ഡിനാറ്റ ഏറ്റെടുത്തു. തുടർന്ന് കമ്പനി ഫ്ലൈ ദുബൈ, സൗദിയ എയർലൈൻസ്, ഫ്‌ളൈനാസ് എന്നിവയുമായി തന്ത്രപരമായ ബന്ധങ്ങൾ ആരംഭിച്ചു. 2018ൽ ദുബ്സിന്റെ ഭൂരിഭാഗം ഓഹരികളും ഡിനാറ്റ ഏറ്റെടുത്ത ശേഷം, സേവനം വർഷം തോറും വളർന്നു വികസിച്ചു. പ്രത്യേകിച്ചും, കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ, പ്രീമിയം യാത്രക്കാർ എന്നിവർക്കിടയിൽ.
2024ൽ മാത്രം ദുബ്‌സ് അതിന്റെ ഓഫ്-എയർപോർട്ട് ചെക്ക്-ഇൻ, ലാൻഡ് ആൻഡ് ലീവ്, ബാഗേജ് സ്റ്റോറേജ്, ഡെലിവറി സേവനങ്ങൾ എന്നിവയിലൂടെ 70,000ത്തിലധികം യാത്രക്കാർക്ക് സേവനം നൽകി. മുൻ വർഷത്തേക്കാൾ 15 ശതമാനം വളർച്ചയാണിതെന്നും പ്രമുഖ ഇമാറാത്തി മാധ്യമത്തിന്
നൽകിയ അഭിമുഖത്തിൽ ഡിനാറ്റ സി.ഇ.ഒ സ്റ്റീവ് അലൻ ഈ സേവനങ്ങൾ അനാച്ഛാദനം ചെയ്തു കൊണ്ട് പറഞ്ഞു. ദുബൈയിലെ പുതിയ പാസഞ്ചർ ടെർമിനലിൽ ഇവ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തി.