കേരളം :ഒരു വർഷത്തെ തീവ്രശ്രമം ഫലം കണ്ടു, പി വി അൻവർ യു ഡി എഫിന്റെ ഭാഗമായിരിക്കുന്നു. ഇടത് പാളയം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പോർമുഖം തുറന്ന നിലമ്പൂർ മുൻ എം എൽ എ പി വി അൻവർ യു ഡി എഫ് പ്രവേശനത്തിനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഡൽഹിയിൽപ്പോയി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനെ നേരിൽ കണ്ട് തന്നെ യു ഡി എഫിന്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥന നടത്തി. എന്നാൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അൻവറുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ചതോടെ അൻവറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. എം എൽ എ സ്ഥാനം രാജിവെക്കുമ്പോഴും അൻവറിൻ ഭാവിരാഷ്ട്രീയം യു ഡി എഫിനൊപ്പം എന്ന് പ്രഖ്യാപിച്ചു. എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും അൻവറിന് യു ഡി എഫിൽ പ്രവേശിക്കാൻ വഴിയൊരുങ്ങുമെന്നായിരുന്നു രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നത്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം പിണറായിസത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്നായിരുന്നു അൻവർ പ്രഖ്യാപിച്ചിരുന്നത്. നിലമ്പൂരിൽ ആര് സ്ഥാനാർഥിയായാലും താൻ പിന്തുണക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അൻവർ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവമായി രംഗത്തെത്തിയ അൻവർ ഹൈക്കമാന്റ് പ്രഖ്യാപിച്ച യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ നിലപാട് കടുപ്പിച്ചു. ഇത് അൻവറിന്റെ യു ഡി എഫ് പ്രവേശനത്തിന് തടസമായിമാറുകയായിരുന്നു. വി എസ് ജോയിയെ മലപ്പുറത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അൻവറിനെ കോൺഗ്രസ് നേതൃത്വം അകറ്റി നിർത്തി.അൻവറിന് മുന്നിൽ യു ഡി എഫ് വാതിൽ കൊട്ടിയടച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ശക്തമായ നിലപാടിന് മുന്നിൽ യു ഡി എഫ് നേതൃത്വത്തിന് കീഴടങ്ങേണ്ടിവന്നു. ഇതോടെ അൻവർ യു ഡി എഫിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച പി വി അൻവർ മത്സരരംഗത്ത് സജീവമായി. എൽ ഡി എഫ് സ്ഥാനാർഥിയായി എം സ്വരാജും യു ഡി എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തും മറു ഭാഗത്തും മുൻ എം എൽ എ കൂടിയായ പി വി അൻവറും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മാറ്റുരക്കാനായി എത്തിയതോടെ നിലമ്പൂർ വാശിയേറിയ തിരഞ്ഞെടുപ്പിന് വേദിയായി.പി വി അൻവർ ഇടത് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നിലമ്പൂരിൽ വിജയിക്കേണ്ടത് സി പി ഐ എമ്മിന് അഭിമാന പ്രശ്‌നമായിരുന്നു. നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കേണ്ടത് കോൺഗ്രസിനും അനിവാര്യമായിരുന്നു. സർക്കാരിന്റെ സെമിഫൈനലായാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം കണ്ടത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വൻഭൂരിപക്ഷത്തിൽ വിജയിച്ചതോടെ യു ഡി എഫിന് പി വി അൻവറുമായുള്ള അകൽച്ച കുറഞ്ഞു. തദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് നഷ്ടമായ നിലമ്പൂർ നഗരസഭാ ഭരണം തിരിച്ചു പിടിക്കാനായതോടെ അൻവറിനെ ഒരുമിച്ച് നിർത്താനുള്ള ചർച്ചകൾ സജീവമായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അതോടെയാണ് പി വി അൻവറിനെ യു ഡി എഫിന്റെ ഭാഗമാക്കാനുള്ള തീരുമാനം ഉടൻ പ്രഖ്യാപിച്ചത്. ആദിവാസി നേതാവ് സി കെ ജാനുവിന്റെ പാർട്ടിയും യു ഡി എഫിന്റെ ഭാഗമാവും. അസോസിയേറ്റ് അംഗത്വമാണ് ഇപ്പോൾ നൽകുക. നിലവിൽ ആർ എം പിയാണ് യു ഡി എഫിൽ അസോസിയേറ്റ് അംഗമായുള്ളത്.ഒരു വർഷക്കാലമായുള്ള അൻവറിന്റെ യു ഡി എഫ് പ്രവേശന നീക്കമാണ് ഫലംകണ്ടത്. കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് യു ഡി എഫ് നേതൃത്വം തീരുമാനിക്കുമെന്നാണ് അൻവരിന്റെ ആദ്യ പ്രതികരണം. പിണറായിസവും മരുമോനിസവും അവസാനിപ്പിക്കാൻ ഏതുതരത്തിലും സജീവമായുണ്ടാവും. നിരാശയും നന്ദികേടും എന്റെ അജണ്ടയിൽ ഉണ്ടാവില്ലെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫിൽ പ്രവേശനം ലഭിച്ചതോടെ അൻവർ വീണ്ടും കളം നിറയുകയാണ്.
സി പി ഐ എം നേതൃത്വവുമായി പിണങ്ങി പോരാട്ടത്തിനിറങ്ങിയ പി വി അൻവർ ഇടത് കോട്ടയിൽ വിള്ളലുണ്ടാക്കുന്ന നിരവധി ആരോപണങ്ങളായിരുന്നു തുടരെ തുടരെ നടത്തിയ വാർത്താ സമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നത്. നിരവധി വെളിപ്പെടുത്തലുകൾ നടത്തി സർക്കാർ കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ഒക്കെ ആരോപണമുനയിൽ ഉയർന്നു നിന്നു. കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ സ്വർണക്കള്ളക്കടത്ത്, അഴിമതി നിരവധി വിഷയങ്ങൾ മലയാളികൾക്ക് മുന്നിൽ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു .


























