അബുദാബി: ഫ്രഞ്ച് പ്രസിഡന്റിന്റ് ഇമ്മാനുവൽ മാക്രോ യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. തന്ത്രപ്രധാന ചർച്ചകൾ യുഎഇയും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്.സാമ്പത്തികം, നിക്ഷേപം, സംസ്കാരം എന്നിവയ്‌ക്ക് പുറമെ പുനരുപയോഗ ഊർജം, ആധുനിക സാങ്കേതികവിദ്യ, നിർമിത ബുദ്ധി (എ െഎ), സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു. വികസന കാര്യത്തിൽ ഇരുരാജ്യങ്ങൾക്കുമുള്ള സമാനമായ കാഴ്ചപ്പാടുകൾ ചർച്ചകളിൽ പ്രതിഫലിച്ചു.

മാക്രോയും സംഘത്തിനുമായി പ്രസിഡന്റ് ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ മാക്രോയ്ക്ക് സ്വീകരണം നൽകിയത്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.


























