ദുബായ് : സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവട്വെപ്പിന്റെ ഭാഗമായി ദുബായിൽ രണ്ടിടത്ത് വാണിജ്യാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ടാക്സി സർവിസിന് തുടക്കമിട്ട് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഉമ്മു സുഖൈം, ജുമൈറ എന്നിവിടങ്ങളിലാണ് സർവിസ് ലഭ്യമാകുക. സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലുള്ള അപ്പോളോ ഗോ, വിറൈഡ് എന്നിവരുമായി കൈകോർത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
വിറൈഡ് ടാക്സികൾ ഊബർ ആപ്പ് വഴിയും അപ്പോളോ ഗോ ടാക്സികൾ അപ്പോളോ ഗോ ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യാം. ടാക്സി വാഹനങ്ങളുടെ നിയന്ത്രണവും പ്രവർത്തനവും നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം തവാസുൽ ട്രാൻസ്പോർട്ടിനാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങളുടെയും ക്രത്യമായ കാഴ്ച്ചപ്പാടുകളുടെയും പിന്തുണയോടെ ആഗോള തലത്തിൽ സ്വയംനിയന്ത്രിത വാഹന നിർമാതാക്കളുടെ വിപുലീകരണത്തിനുള്ള ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ അറിയിച്ചു.
കൂടാതെ ഭാവി ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആഗോള മുൻനിര നഗരമെന്ന ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് സംഭാവന നൽകുകയും ചെയ്യും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായിൽ 100 ഡ്രൈവറില്ലാ ടാക്സികൾ പുറത്തിറക്കും.
വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതികളും ആലോചനയിലാണ്. ഉയർന്ന സുരക്ഷ മാർഗനിർദേശങ്ങൾ അനുസരിച്ച് എമിറേറ്റിലെ റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളെ ഉൾകൊള്ളുന്നതിനുള്ള സന്നദ്ധത ഉറപ്പുവരുത്താനും പുതിയ സംവിധാനങ്ങളുടെ പ്രകടനം വിലയിരുത്താനും ലക്ഷ്യമിട്ട് നിയുക്ത റോഡുകളിൽ ഡ്രൈവറില്ല വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ആർ.ടി.എ നേരത്തെ പൂർത്തിയാക്കിയിരുന്നു. നിർമിത ബുദ്ധിയിലധിഷ്ഠിതമായ നൂതന സെൻനിങ് സാങ്കേതിക വിദ്യകൾ, സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച സംവിധാനങ്ങളുടെ പിന്തുണയിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവിസ് നടത്തുക.








































