യുഎഇയിൽ സ്വർണവില ഈ ആഴ്ച നാലാം തവണയും റെക്കോർഡ് ഉയരത്തിലെത്തി. ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 543.25 ദിർഹം ആയിരുന്നു വില. ക്രിസ്മസ് ദിനത്തിൽ വില നേരിയതോതിൽ കുറഞ്ഞ് 539.75 ദിർഹത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഏകദേശം നാല് ദിർഹത്തിന്റെയോളം വർദ്ധനവ് 24കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ വീണ്ടും ആറ് ദിർഹത്തിന്റെയോളം വർദ്ധനവുണ്ടായി. 545.11 ദിർഹമാണ് ഇന്ന് വൈകുന്നേരം 24 കാരറ്റ് സ്വർണം ഗ്രാമിന്റെ വില.
22 കാരറ്റ് സ്വർണ്ണത്തിന് 499.68 ദിർഹം, 21 കാരറ്റിന് 476.97 ദിർഹം, 18 കാരറ്റിന് 408.83 ദിർഹം എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ ഏഴ് ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും മികച്ച വാർഷിക വിലയാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്.
സമാനമായി 2026ന്റെ തുടക്കത്തിലും സ്വർണവില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ. ഡോളറിന്റെ മൂല്യമിടിയുന്നത്, ആഗോള രാഷ്ട്രീയ അസ്ഥിരതകൾ തുടങ്ങിയവ സ്വർണവില ഉയരുന്നതിന് കാരണമായേക്കും. സാഹചര്യങ്ങൾ സാധാരണ നിലയിലാവുകയും ഡോളർ കരുത്താർജ്ജിക്കുകയും യുദ്ധങ്ങൾ അവസാനിക്കുകയും ചെയ്താൽ വിലയിൽ മാറ്റം വന്നേക്കാം. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് വില ഇനിയും ഉയരാനുള്ള സാധ്യതകളിലേക്കാണ്.


























