ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.ഡി.എഫ് പ്രവർത്തകരുടെയും നേതാക്കളുടെയും കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
“കേരളത്തിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് നന്ദി. മികച്ച പ്രചാരണം നടത്തിയ യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നു. കേരളത്തിന് കഴിവും സാധ്യതയും ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ അതിനെ ഉപയോഗപ്പെടുത്താൻ കാഴ്ചപ്പാടുള്ള ഒരു സർക്കാർ ലഭിച്ചിരിക്കുന്നു,” എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.
കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ വ്യക്തമായ ദർശനമുള്ള ഭരണകൂടമാണ് ഇനി അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “എന്റെ കേരള കുടുംബത്തെ ഉടൻ കാണാൻ ആഗ്രഹിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
102 സീറ്റുകൾ നേടി പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമായ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 35 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നേടാനായത്. എൻ.ഡി.എ മൂന്ന് സീറ്റുകൾ നേടി.
മത്സരത്തിനിറങ്ങിയ 13 മന്ത്രിമാർ പരാജയപ്പെട്ടത് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നായി. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെയും ജനവിധിയുടെ വ്യക്തമായ സന്ദേശത്തിന്റെയും സൂചനയാണ് ഈ ഫലം നൽകുന്നത്.















































