ദുബായ്: മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറി, ലോകത്തിന്റെ സുഗന്ധ രാജാവായി മാറിയ ഒരു മലയാളിയുടെ പോരാട്ടവീര്യം ഇപ്പോൾ ദുബായ് എക്സ്പോ സിറ്റിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വട്ടപ്പൂജ്യത്തിൽ നിന്നും ആരംഭിച്ച് ഇന്ന് 150-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള ബ്രാൻഡായി മാറിയ ‘ഫ്രാഗ്രൻസ് വേൾഡ്’, തങ്ങളുടെ ഈ ചരിത്രനേട്ടം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പോളണ്ട് മൂസ എന്ന വിളിപ്പേരിലൂടെ പ്രശസ്തനായ പി.വി. മൂസയുടെ ഈ വിജയയാത്ര കേവലം ഒരു ബിസിനസ് വിജയമല്ല, മറിച്ച് ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും സുഗന്ധമുള്ള ജീവിതകഥയാണ്.
ആഘോഷങ്ങളുടെ ഭാഗമായി ദുബായ് എക്സ്പോ സിറ്റിയിലെ ആകാശത്ത് വിസ്മയം തീർത്ത ഡ്രോൺ ഷോ കാണികളെ അത്ഭുതപ്പെടുത്തി. ഫ്രാഗ്രൻസ് വേൾഡിന്റെ ചരിത്രവും വളർച്ചയും ഡ്രോണുകൾ വർണ്ണാഭമായി ആകാശത്ത് ചിത്രീകരിച്ചപ്പോൾ, ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ ഒപ്പും വാനിൽ തെളിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. സിഇഒ പി.വി. സലാം, ജോയിന്റ് സിഇഒ പി.വി. സഫീർ, ലബീബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പോളണ്ട് മൂസയുടെ സംഭവബഹുലമായ ജീവിതം പ്രമേയമാക്കി ജീവൻ ജോസ് സംവിധാനം ചെയ്ത ‘കുഞ്ഞോൻ’ എന്ന ഡോക്യു-ഫിക്ഷൻ ചിത്രത്തിന്റെ പ്രീമിയറും ഇതോടൊപ്പം നടന്നു.

1959-ൽ കേരളത്തിൽ ജനിച്ച മൂസയുടെ ജീവിതം നാടകീയമായ വഴിത്തിരിവുകൾ നിറഞ്ഞതാണ്. ശൈശവത്തിൽ വസൂരി ബാധിച്ച് മരണം ഉറപ്പാണെന്ന് കരുതിയ കുഞ്ഞിനെ അമ്മയുടെ തളരാത്ത പ്രാർത്ഥനയും കരുതലുമാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഒമ്പതാം വയസ്സിൽ നാടുവിട്ട് മൈസൂരിലെത്തിയ അദ്ദേഹം റെസ്റ്റോറന്റിലെ പാത്രം കഴുകുകാരനായും മറ്റും ജോലി ചെയ്താണ് അതിജീവിച്ചത്. 1977-ൽ കടൽമാർഗ്ഗം ദുബായിലെത്തിയ മൂസ, ഒരു അറബ് ഭവനത്തിൽ സഹായിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് ഷൂ കടയിലെ ജോലിയിലൂടെ ബിസിനസിന്റെ ബാലപാഠങ്ങൾ പഠിക്കുകയും 1988-ൽ ‘അൽ ഗുരൂബ്’ എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കമിടുകയും ചെയ്തു.
പോളണ്ടിലേക്കുള്ള അദ്ദേഹത്തിന്റെ ബിസിനസ് യാത്രയാണ് മൂസയെ ‘പോളണ്ട് മൂസ’യാക്കി മാറ്റിയത്. 2004-ൽ സ്ഥാപിതമായ ഫ്രാഗ്രൻസ് വേൾഡ് ഇന്ന് 4,000-ലധികം സുഗന്ധദ്രവ്യങ്ങൾ വിപണിയിലെത്തിക്കുന്നു. എക്സ്പോ സിറ്റിയിലെ ആഘോഷത്തിൽ 2,000-ത്തോളം പേർ പങ്കെടുത്തു. കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാരെയും ദീർഘകാലമായി ജോലി ചെയ്യുന്ന ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. 1,000-ത്തോളം ഫാക്ടറി തൊഴിലാളികൾ അണിനിരന്ന പരേഡും 30 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളും വിതരണം ചെയ്തത് ശ്രദ്ധേയമായി. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മൂസ ഇന്ന് പതിനഞ്ചിലധികം വിദേശ ഭാഷകൾ സംസാരിക്കുമെന്നത് അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെ തെളിവാണ്.









































