പൊതുജനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും അബുദാബി എൻവയോൺമെന്റ് ഏജൻസിയുടെ പുതിയ പദ്ധതിയിൽ പങ്കാളികളാകാം.
അബുദാബി, ഓഗസ്റ്റ് 17, 2026:അബുദാബിയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമായി 9 പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയ ‘ഇന്നൊവേഷൻ ചാർട്ടർ’ പ്രഖ്യാപിച്ച് അബുദാബി എൻവയോൺമെന്റ് ഏജൻസി (ഇ.എ.ഡി).
നിർമ്മിത ബുദ്ധി (എ.ഐ), ഡിജിറ്റൽ സംവിധാനങ്ങൾ, ഡാറ്റ അധിഷ്ഠിത പ്ലാനിംഗ് എന്നിവ ഉപയോഗിച്ച് പരിസ്ഥിതി വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ഈ പദ്ധതിയിലൂടെ ഏജൻസി ലക്ഷ്യമിടുന്നത്. സർക്കാരിനൊപ്പം പൊതുജനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സംരംഭകർ എന്നിവരെ ഏകോപിപ്പിച്ച് ഹരിത പദ്ധതികൾ നടപ്പിലാക്കാൻ ചാർട്ടർ വഴിയൊരുക്കും.
ഏജൻസിയുടെ ആഭ്യന്തര ഗവേഷണ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന തുടക്കക്കാരായ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ഇൻകുബേഷൻ, ആക്സിലറേഷൻ പിന്തുണ നൽകാനും ഇ.എ.ഡി തീരുമാനിച്ചിട്ടുണ്ട്. പദ്ധതികളുടെ സുതാര്യമായ വിലയിരുത്തലും ആശയങ്ങൾ സമർപ്പിക്കുന്നവരുടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും ചാർട്ടർ ഉറപ്പുനൽകുന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളിൽ നിന്ന് പുതിയ ആശയങ്ങൾ സ്വീകരിക്കുകയും പരിസ്ഥിതി നയരൂപീകരണത്തിൽ പങ്കാളികളാക്കുകയും ചെയ്യും. ഇതിനായി അഞ്ച് പ്രധാന പങ്കാളിത്ത മാർഗ്ഗങ്ങളാണ് ഏജൻസി മുന്നോട്ടുവെക്കുന്നത്: ഹരിത ആശയങ്ങളും ഡാറ്റയും പങ്കുവെക്കുക, പരിസ്ഥിതി ശിൽപശാലകളിലും ഹാക്കത്തണുകളിലും പങ്കെടുക്കുക, പുതിയ സാങ്കേതികവിദ്യകളുടെ ഫീൽഡ് ടെസ്റ്റിംഗിന് പിന്തുണ നൽകുക, പരിസ്ഥിതി ബോധവൽക്കരണം വ്യാപിപ്പിക്കുക എന്നിവയാണവ.
സാങ്കേതികവിദ്യ അധിഷ്ഠിത സുസ്ഥിര വികസന മാതൃകയായി അബുദാബിയെ മാറ്റിയെടുക്കാനുള്ള ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇ.എ.ഡിയുടെ ഈ പുതിയ നീക്കം.










