തിരുവനന്തപുരം: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് എത്തുമെന്ന സൂചനകൾ ശക്തം. കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി പ്രാഥമിക ചർച്ച നടത്തിയതായി റിപ്പോർട്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി അടുത്തിടെ പ്രേംകുമാർ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നാണ് സൂചന.
തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ഇരട്ടനീതി ആയിരുന്നുവെന്ന് പ്രേംകുമാർ ആരോപിച്ചിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയർമാനായി തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് പുറത്താക്കലിന് കാരണമായതെന്നും, അർപ്പണബോധത്തോടെ പ്രവർത്തിച്ച സ്ഥാനത്തുനിന്ന് ഒഴിവാക്കുമ്പോൾ കുറഞ്ഞത് ഒരു മാന്യത പാലിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചിദാനന്ദനോട് വ്യക്തിപരമായ ബഹുമാനം മാത്രമാണെന്നും പ്രേംകുമാർ വ്യക്തമാക്കി.










































