റിയാദ്/ന്യൂഡൽഹി ∙ പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാന സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ ഇന്ന് (മാർച്ച് 4) അർദ്ധരാത്രി വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂൾഡ് സർവീസുകളും റദ്ദാക്കിയതായി കമ്പനി വ്യക്തമാക്കി.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കത്തിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. മസ്‌കത്തിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങൾ വീണ്ടും സർവീസ് ആരംഭിച്ചതോടെ പ്രവാസികൾക്ക് ആശ്വാസമായി.
സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ തീരുമാനം ബാധിച്ചിരിക്കുകയാണ്. ജിദ്ദയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ബോയിങ് 777 ഉപയോഗിച്ചുള്ള പ്രത്യേക രക്ഷാദൗത്യ സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ സൂചിപ്പിച്ചു.
ഫെബ്രുവരി 28ന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് മാർച്ച് 5 വരെ യാത്ര മാറ്റാൻ അധിക നിരക്ക് ഈടാക്കില്ല. യാത്ര പൂർണമായി റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും അറിയിച്ചു.
ഗൾഫ് മേഖലയിലെ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയത്തിലും മാറ്റമുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Air India has suspended all scheduled flights to Saudi Arabia until midnight March 4 due to regional tensions, while Air India Express has partially resumed services to Muscat. Special relief flights are being planned for stranded passengers.










































