അജ്‌മാൻ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. വനിതാ ശാക്തീകരണ രംഗത്തും സാമൂഹിക സേവന മേഖലകളിലും സംഘടന നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങള്ക്കുള്ള അംഗീകാരമായാണ് ആദരം നൽകിയത്.
അജ്‌മാൻ പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അക്കാഫ് വനിതാ വിഭാഗത്തിലെ 53 വനിതാ പ്രവർത്തകർക്ക് പോലീസിന്റെ പ്രത്യേക സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി.
സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ നയിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാനസികവും സാമൂഹികവുമായ ഉന്നമനത്തിനായി അക്കാഫ് നടത്തുന്ന പ്രവർത്തനങ്ങളെ പോലീസ് അധികൃതർ പ്രശംസിച്ചു.
അവാർഡ് സ്വീകരിച്ച വനിതാ വിഭാഗം ഭാരവാഹികൾ
- റാണി സുധീർ – ചെയർപേഴ്‌സൺ
- വിദ്യ പുതുശ്ശേരി – പ്രസിഡന്റ്
- രശ്മി ഐസക് – ജനറൽ സെക്രട്ടറി
- മുന ഉല്ലാസ് – ജോയിന്റ് സെക്രട്ടറി
യു.എ.ഇ ഭരണകൂടം വനിതകൾക്ക് നൽകുന്ന വലിയ പ്രോത്സാഹനത്തിന്റെയും ഉയർന്ന വീക്ഷണത്തിന്റെയും തെളിവാണ് ഈ അംഗീകാരമെന്ന് വനിതാ വിഭാഗം സാരഥികൾ പറഞ്ഞു.
53 വനിതകൾക്ക് ഒരേസമയം പുരസ്‌കാരം ലഭിച്ചത് സംഘടനയുടെ പ്രവർത്തന ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ അക്കാഫ് ഭാരവാഹികളായ ഷാഹുൽ ഹമീദ് (ചെയർമാൻ), ചാൾസ് പോൾ (പ്രസിഡന്റ്), അഡ്വ. ഹാഷിക് തൈക്കണ്ടി (വൈസ് പ്രസിഡന്റ്), മനോജ് കെ.വി (സെക്രട്ടറി), വി.സി. മനോജ് (ഇഫ്താർ ചീഫ് കോർഡിനേറ്റർ), ഷക്കീർ ഹുസൈൻ (ജോയിന്റ് സെക്രട്ടറി), അവാർഡ് ഇവന്റ് കോർഡിനേറ്റർ ഷാജഹാൻ എന്നിവർ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ ആദരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് അക്കാഫ് ഭാരവാഹികൾ അറിയിച്ചു.







































