ദുബായ് | UAE വാർത്ത
കലാസൃഷ്ടികൾക്കായി രൂപംകൊള്ളുന്ന അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് എത്തിച്ചേരാൻ മെച്ചപ്പെട്ട റോഡ്-യാത്രാ സൗകര്യങ്ങൾ ഒരുക്കി ദുബായ് ആർടിഎ. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും കലാമേഖലയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുമായി അൽഖൂസിൽ രൂപംകൊള്ളുന്ന ക്രിയേറ്റിവ് സോണിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം.
കലാസൃഷ്ടികളുടെ രൂപകൽപ്പന മുതൽ നിർമാണം, പ്രദർശനം, വിപണനം വരെ ഒരേ വേദിയിൽ സാധ്യമാക്കുന്ന രീതിയിലാണ് ക്രിയേറ്റിവ് സോൺ ആസൂത്രണം ചെയ്തിരിക്കുന്നത്. വൻകിട സ്റ്റേജ് ഷോകൾ അവതരിപ്പിക്കാനുള്ള സൗകര്യങ്ങളും സന്ദർശകർക്ക് മേഖല ചുറ്റിക്കാണാൻ ആവശ്യമായ സംവിധാനങ്ങളും ഇവിടെ ഒരുക്കും. വർഷം മുഴുവൻ കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾക്കായുള്ള പൊതുഇടമായാണ് ഈ പ്രദേശം വിഭാവനം ചെയ്തിരിക്കുന്നത്.
അൽ മനാറ സ്ട്രീറ്റിൽ ക്രിയേറ്റിവ് സോണിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വേണ്ടി പ്രത്യേകം നിർമിച്ച പാലം ആർടിഎ തുറന്നു. 45 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുള്ള പാലത്തിലേക്ക് 210 മീറ്റർ നീളത്തിലുള്ള റാംപും ഒരുക്കിയിട്ടുണ്ട്. ക്രിയേറ്റിവ് സോണിന്റെ സ്വഭാവത്തിന് അനുയോജ്യമായ ചിത്രപ്പണികളാൽ പാലത്തിന്റെ ഇരു വശങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ഇതോടൊപ്പം നാല് കിലോമീറ്റർ ദൂരത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി പ്രത്യേക ട്രാക്കും സജ്ജമാക്കി. അൽഖൂസ് ക്രിയേറ്റിവ് സോൺ, ഓൻപാസീവ് മെട്രോ സ്റ്റേഷൻ, അൽഖൂസ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതാണ് ഈ സംവിധാനം.
കലാപരിപാടികൾ നടക്കുന്ന സമയങ്ങളിൽ വാഹനഗതാഗതം പൂർണമായി നിയന്ത്രിക്കുമെന്നും, ക്വോസ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി 2026 ജനുവരി 24 ശനിയാഴ്ചയും 25 ഞായറാഴ്ചയും അൽഖൂസ് ക്രിയേറ്റിവ് സോണിലെ ചില സ്ട്രീറ്റുകളിൽ വാഹനഗതാഗതം താൽക്കാലികമായി നിയന്ത്രിക്കും. ഈ ദിവസങ്ങളിൽ അൽസെർകാൽ അവന്യൂ ഉൾപ്പെടെയുള്ള മേഖലകളിൽ കാൽനട യാത്രക്കാർക്ക് മാത്രമായി സ്ട്രീറ്റുകൾ തുറന്നു നൽകുമെന്ന് അധികൃതർ അറിയിച്ചു.
ക്രിയേറ്റിവ് സോണിനെ അൽ സഫ മെട്രോ സ്റ്റേഷനും അൽഖൂസ് ബസ് സ്റ്റേഷനും ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴി യാഥാർഥ്യമാക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗത സംവിധാനങ്ങളെയും സൈക്കിൾ, കാൽനട യാത്രകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അൽഖൂസ് ക്രിയേറ്റിവ് സോൺ പൂർത്തിയാകുന്നതോടെ കലാസൃഷ്ടികളുമായി ബന്ധപ്പെട്ട നിർമാണ കേന്ദ്രങ്ങളുടെ എണ്ണം 20,000 ആയി ഉയരും. 8,000 പേർക്ക് താമസ സൗകര്യമുള്ള പാർപ്പിട കേന്ദ്രങ്ങളും കലാകാരന്മാർക്കും നിക്ഷേപകർക്കുമായി പ്രത്യേക താമസസൗകര്യങ്ങളും ഇവിടെ ഒരുങ്ങും.
പ്രതിദിനം 33,000 സന്ദർശകരെ സ്വീകരിക്കാനുള്ള സൗകര്യമാണ് മേഖലയിലുണ്ടാകുക. ഫോട്ടോ, വിഡിയോ ചിത്രീകരണ സ്റ്റുഡിയോകളുടെയും വർക്ക്ഷോപ്പുകളുടെയും എണ്ണം പത്ത് മടങ്ങ് വർധിക്കും. വാടകയ്ക്ക് ലഭ്യമാകുന്ന സ്ഥല വിസ്തൃതി 30 ശതമാനം വരെ കൂടുമെന്നും ആർടിഎ അറിയിച്ചു.



































