തിരുവനന്തപുരം: കുംഭസൂര്യൻ തിളങ്ങുന്ന പൂരപ്പകലിൽ തലസ്ഥാനം ഇന്ന് ഒരൊറ്റ അമ്പലമുറ്റമായി മാറുന്നു. ലക്ഷക്കണക്കിന് സ്ത്രീഭക്തർ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഒന്നിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് നഗരം സജ്ജമായി. ക്ഷേത്രമുറ്റത്തും നഗരപാതകളിലും വീടുകളുടെയും സ്ഥാപനങ്ങളുടെയും മുന്നിലും ഇഷ്ടിക ചൂളകളും മൺകലങ്ങളും നിരന്നു.
ഭക്തർക്കായി നഗരത്തിലെ വിവിധ മതസ്ഥാപനങ്ങൾ കവാടങ്ങൾ തുറന്നു. പാളയം സി.എസ്.ഐ ക്രൈസ്റ്റ് പള്ളി, സെൻറ് ജോസഫ് കത്തീഡ്രൽ, പാളയം ജുമാ മസ്ജിദ് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കി മതസൗഹൃദത്തിന്റെ മാതൃകയായി. റെസിഡൻസ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും വെള്ളം, ഭക്ഷണം, ശൗചാലയ സൗകര്യം എന്നിവ ഉറപ്പാക്കാൻ രംഗത്തുണ്ട്.
രാവിലെ ഒൻപതിന് ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. നിവേദ്യസമയത്ത് ആകാശത്തുനിന്ന് വിമാനത്തിൽ പുഷ്പവൃഷ്ടി നടത്തും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പ്രത്യേക ക്രമീകരണം.
സുരക്ഷയ്ക്കായി 4000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. നഗരം നാല് സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും വിഭജിച്ച് നിയന്ത്രണം ഏർപ്പെടുത്തി. ഡ്രോൺ നിരീക്ഷണവും മെഗാഫോൺ സംവിധാനവും കൺട്രോൾ റൂമുകളും സജ്ജമാണ്.
പൊങ്കാല കഴിഞ്ഞ് നഗരം ശുചിയാക്കാൻ 3500 തൊഴിലാളികളെയാണ് കോർപ്പറേഷൻ രംഗത്തിറക്കുന്നത്. സന്നദ്ധസംഘടനകളും വിദ്യാർത്ഥികളും ശുചീകരണത്തിൽ പങ്കാളികളാകും. കൃത്രിമമഴ പെയ്യിച്ചുള്ള ശുചീകരണവും നടക്കും.
തലസ്ഥാനം ഇന്ന് ഭക്തിയുടെയും കൂട്ടായ്മയുടെയും ആത്മീയോത്സവമായി മാറിയിരിക്കുകയാണ്.
English Summary
Thiruvananthapuram has transformed into a massive temple ground as lakhs of women devotees gather for the Attukal Pongala festival. Devotees have set up hearths across the city to offer Pongala to Goddess Attukal Amma. Extensive arrangements include interfaith support from churches and mosques, deployment of 4,000 police personnel for security, and 3,500 sanitation workers for post-festival cleanup. A ceremonial flower shower from an aircraft is also scheduled during the offering ritual.










































