തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ സ്ഥാനാർഥി നിർണയത്തിൽ കർശന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് പിന്നീട് ബോർഡ്–കോർപ്പറേഷൻ പദവികൾ നൽകില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് അധികാരത്തിലെത്തിയാലും തോറ്റെന്ന പരിഗണനയിൽ പദവി ലഭിക്കുമെന്ന് കരുതേണ്ടതില്ല. വിജയസാധ്യതയുള്ളവർക്കും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്കും മുൻഗണന നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം.
അതേസമയം വിജയസാധ്യതയുണ്ടായിട്ടും പാർട്ടി താൽപ്പര്യം പരിഗണിച്ച് മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകും. ഇത്തരം നേതാക്കളെ തത്തുല്യ പദവികളിലേക്കോ ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കോ പരിഗണിക്കുമെന്നും യോഗത്തിൽ തീരുമാനമായി.
സ്ഥാനാർഥി നിർണയത്തിൽ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കല്ല, ‘മെറിറ്റിന്’ മുൻഗണന വേണമെന്ന പൊതുവികാരം യോഗത്തിൽ ഉയർന്നു. കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർഥി പട്ടിക തയ്യാറാക്കൽ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനമായി.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വയം സ്ഥാനാർഥിത്വ പ്രഖ്യാപനം അനുവദിക്കില്ല. പാർട്ടി തീരുമാനത്തിന് വിരുദ്ധമായ പ്രതികരണങ്ങൾ ഉണ്ടായാൽ നടപടി ഉണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിലും വലിയ വിജയം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.









































