പുനലൂർ: സംസ്ഥാനത്തെ 18 മണ്ഡലങ്ങളിൽ സി.പി.എംയും ബി.ജെ.പി യും തമ്മിൽ രഹസ്യ ധാരണയുണ്ടായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. പുനലൂരിൽ യു.ഡി.എഫ് സ്ഥാനാർഥി നൗഷാദ് യൂനുസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നവംബർ 19ന് ഡൽഹിയിൽ കേന്ദ്രമന്ത്രി അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ ധാരണ രൂപപ്പെട്ടതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
ബി.ജെ.പി-സി.പി.എം ബന്ധം “അപ്രഖ്യാപിതവും അലിഖിതവും അവിശുദ്ധവുമായ കൂട്ടുകെട്ട്” ആണെന്നും, വോട്ടുകളുടെ കൊടുക്കൽ-വാങ്ങൽ രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ ഒഴിവാക്കി പരസ്പരം സഹായിക്കുന്ന രീതിയിലാണ് നീക്കമെന്നും ആരോപിച്ചു.
ബി.ജെ.പി അനുകൂല നിലപാടുകളും മുസ്‌ലിംവിരുദ്ധ രാഷ്ട്രീയവും പിന്തുടർന്ന് പിണറായി സർക്കാർ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പി.എസ്.സി നിയമനങ്ങളിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനിർമാണം കൊണ്ടുവരുമെന്നും, യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും യു.ഡി.എഫിന് കഴിയുമെന്നും, പുനലൂർ മണ്ഡലത്തിൽ യു.ഡി.എഫ് ശക്തമായി മുന്നേറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































