ദുബൈ | UAE വാർത്ത
എമിറേറ്റ്‌സ് എയർലൈൻ ജീവനക്കാർക്കായി ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ പ്രത്യേക കാബിൻ ക്രൂ വില്ലേജ് ഒരുക്കുന്നു. ദുബൈ ആസ്ഥാനമായ വിമാനക്കമ്പനിയുടെ വർധിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം കൂടി കണക്കിലെടുത്തും ദീർഘകാല വികസന പദ്ധതികളുടെ ഭാഗമായുമാണ് ശതകോടിക്കണക്കിന് ദിർഹം ചെലവിട്ട് ഈ വില്ലേജ് നിർമിക്കുന്നത്. 12,000 കാബിൻ ക്രൂ അംഗങ്ങൾ വരെ താമസിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
ആധുനിക റെസിഡൻഷ്യൽ–മിക്സ്ഡ് യൂസ് കമ്യൂണിറ്റി പദ്ധതിക്കായാണ് എമിറേറ്റ്‌സ് കരാറിൽ ഒപ്പുവെച്ചത്. ഈ വർഷം രണ്ടാം പാദത്തിൽ പദ്ധതിയുടെ തറക്കല്ലിടൽ നടക്കും. ആദ്യഘട്ട നിർമാണം 2029ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘകാല പാട്ട വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
എമിറേറ്റ്‌സിന്റെ പ്രവർത്തനങ്ങൾ ഭാവിയിൽ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതടക്കമുള്ള വികസന പദ്ധതികൾ മുൻകൂട്ടി കണക്കിലെടുത്താണ് കാബിൻ ക്രൂ വില്ലേജ് ആസൂത്രണം ചെയ്തിട്ടുള്ളത്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുന്ന സെൻട്രൽ ഹബ്, റെസ്റ്റോറന്റുകൾ, ഫിറ്റ്‌നസ് സൗകര്യങ്ങൾ, ക്ലിനിക്കുകൾ, പൊതുയിടങ്ങൾ തുടങ്ങിയവയും വില്ലേജിൽ ഒരുക്കും.
ഇതോടൊപ്പം നടപ്പാതകൾ, വിശാലമായ ഹരിതയിടങ്ങൾ, റിസോർട്ട് മാതൃകയിലുള്ള സ്വിമ്മിംഗ് പൂളുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായിരിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിനും ഇടയിൽ ഏകദേശം തുല്യ ദൂരത്തിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. ഇത് എമിറേറ്റ്‌സിന്റെ നിലവിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനൊപ്പം, വിമാനത്താവള മാറ്റം നടപ്പാകുന്ന ഘട്ടത്തിൽ കൂടി ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
എമിറേറ്റ്‌സിന്റെ ചീഫ് പ്രൊക്യുർമെന്റ് ആൻഡ് ഫെസിലിറ്റീസ് ഓഫീസർ അലി മുബാറക് അൽ സൂരിയും, ദുബൈ ഇൻവെസ്റ്റ്‌മെന്റ്സിന്റെ വൈസ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഖാലിദ് ബിൻ കൽബാനുമാണ് ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവെച്ചത്.
19 നിലകളുള്ള 20 റെസിഡൻഷ്യൽ കെട്ടിടങ്ങളാണ് കാബിൻ ക്രൂ വില്ലേജിൽ ഉൾപ്പെടുന്നത്. ഓരോ കെട്ടിടത്തിലും ഒന്ന്, രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാർട്ടുമെന്റുകൾ ഒരുക്കും. താമസത്തിനും സാമൂഹിക ജീവിതത്തിനും യോജിച്ച രീതിയിലാണ് കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നത്. എമിറേറ്റ്‌സ് ജീവനക്കാരുടെ ആവശ്യങ്ങൾക്കും ജീവിതശൈലികൾക്കും അനുസരിച്ചുള്ള താമസ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നതെന്നും, ക്രൂ അംഗങ്ങൾക്ക് ആവശ്യമായതെല്ലാം വില്ലേജ് നൽകുമെന്നും അലി മുബാറക് അൽ സൂരി വ്യക്തമാക്കി.



































