അബുദാബി:സർവീസ് ആരംഭിച്ച അഞ്ച് ആഴ്ചകൾക്കുള്ളിൽ എഴുപതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ. റൂട്ടുകളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ കൂടുതൽ സർവീസുകൾ ക്രമീകരിക്കാനൊരുങ്ങുകയാണ് അധികൃതർ.
എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. പ്രത്യേകിച്ച് അബുദാബി – ദുബായ് റൂട്ടിലാണ് യാത്രക്കാർ കൂടുതലായി ട്രെയിൻ സർവീസിനെ ആശ്രയിക്കുന്നത്. റോഡുകളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് ട്രെയിൻ യാത്രയെ ജനപ്രിയമാക്കുന്നത്.
ആദ്യ മാസങ്ങളിൽ സർവീസുകളുടെ കൃത്യത 98 ശതമാനത്തിലധികം നിലനിർത്താൻ സാധിച്ചതായി ഇത്തിഹാദ് റെയിൽ വക്താവ് വ്യക്തമാക്കി. യുഎഇയിലെ വിവിധ സാമ്പത്തിക-വ്യാവസായിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ പദ്ധതി, ഭാവിയിൽ മറ്റ് ജിസിസി രാജ്യങ്ങളിലെ റെയിൽ ശൃംഖലകളുമായും ബന്ധിപ്പിക്കും.










