ഷാര്‍ജ മുന്‍സിപ്പാലിറ്റിയുടെ പേരില്‍ വ്യാജ ക്യു ആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഔദ്യേഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുന്‍സിപ്പാലിറ്റി പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഷാര്‍ജയില്‍ വ്യാജ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്‍സിപ്പാലിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റിയുടെ സേവനങ്ങള്‍ക്കായി ഫീസ് അടക്കുമ്പോഴും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോഴും വ്യാജ ക്യൂ ആര്‍ കോര്‍ഡുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണമടക്കുന്നതിന് മുമ്പ് ക്യു ആര്‍ കോഡുകളുടെ ആധികാരികത ഉറപ്പാക്കണം. സംശയസ്പദമായ ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. അഞ്ജാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും വ്യാജ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതും ബാങ്ക് വിശദാശംങ്ങള്‍ ഉള്‍പ്പെടെ ചോരാന്‍ കാരണമാകും.
വലിയ തോതിലുള്ള സാമ്പത്തികനഷ്ടത്തിലേക്കും ഇത് നയിച്ചേക്കാമെന്നും മുന്‍സിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായ നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ജാത ലിങ്കുകളിലൂടെയും ക്യുആര്‍ കേഡുകളിലൂടെയും വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ ഒരു കാരണനവശാലും കൈമാറരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി മുന്‍സിപ്പാലിറ്റിയുടെ ഔദ്യോഗികവും അംഗീകൃതവുമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കണം.
ദുബായ് ആര്‍ടിഎയുടെ പേരിലും പാര്‍ക്കിന്‍ കമ്പനിയുടെ പേരിലും നേരത്തെ സമാനമായ തട്ടിപ്പ് കണ്ടെത്തിയിരുന്നു. പാര്‍ക്കിംഗ് പേമെന്റ് മെഷീനുകളില്‍ തട്ടിപ്പുകാര്‍ സ്ഥാപിച്ച വ്യാജ ക്യൂ ആര്‍ കോഡുകളും പാര്‍ക്കിംഗ് സൈന്‍ ബോര്‍ഡുകളും നീക്കം ചെയ്തുകൊണ്ടാണ് അന്ന് തട്ടിപ്പിന് തടയിട്ടത്.




































