ദോഹ: ജോർദാനെയും മറ്റു ജിസിസി അംഗരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ Gulf Cooperation Council (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ജിസിസി മന്ത്രിതല കൗൺസിലിന്റെ ചെയർമാനുമായ ഡോ. അബ്ദുൽത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് അസാധാരണ യോഗം ചേർന്നത്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ മന്ത്രിമാർ, ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരായ ആക്രമണം മുഴുവൻ കൗൺസിലിനുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ രാജ്യങ്ങളുടെ പരമാധികാരം, അയൽപക്ക ബന്ധങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് യോഗം വ്യക്തമാക്കി.
സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ജിസിസി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള അവകാശം അംഗരാജ്യങ്ങൾക്കുണ്ടെന്ന് യോഗം ഓർമ്മിപ്പിച്ചു.
ഇറാൻ വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും ഉയർന്ന പ്രൊഫഷണലിസത്തോടെയാണ് അംഗരാജ്യങ്ങളിലെ സായുധ സേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തതെന്ന് കൗൺസിൽ അഭിനന്ദിച്ചു. സിവിലിയൻ ജീവനുകളും സ്വത്തും സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തിയ ജാഗ്രതയും കാര്യക്ഷമതയും എടുത്തുപറഞ്ഞു.
മേഖലയിലെ സുരക്ഷയും വിതരണ ശൃംഖലകളുടെ തടസ്സമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കാൻ ഇറാൻ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ജിസിസി ആവശ്യപ്പെട്ടു. അറേബ്യൻ ഗൾഫ് മേഖലയിലെ സ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥക്കും ഊർജ്ജ വിപണിക്കും നിർണായകമാണെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്നും, യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ അറിയിച്ച സൗഹൃദ രാജ്യങ്ങൾക്ക് ജിസിസി നന്ദി രേഖപ്പെടുത്തി.
The Gulf Cooperation Council strongly condemned Iran’s attacks targeting Jordan and other GCC states. In an emergency meeting, GCC foreign ministers declared collective solidarity and urged an immediate end to the attacks to safeguard regional stability.










































