ദുബായ് ∙ ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ്ണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ദുബായിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 570 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. വെറും മൂന്നാഴ്ചയ്ക്കിടെ ഗ്രാമിന് 50 ദിർഹത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ വിപണി നിലവാരമനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 571.25 ദിർഹമാണ് നിരക്ക്. 22 കാരറ്റ് (529 ദിർഹം), 21 കാരറ്റ് (507.25 ദിർഹം), 18 കാരറ്റ് (434.75 ദിർഹം) എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ വില. ഇതാദ്യമായാണ് 21 കാരറ്റ് സ്വർണ്ണവിലയും 500 ദിർഹത്തിന് മുകളിൽ എത്തുന്നത്.
അമേരിക്കയും യൂറോപ്പും തമ്മിലുള്ള ഗ്രീൻലൻഡ് തർക്കവും യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോം പവലിനെതിരെയുള്ള അന്വേഷണവുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിക്കാൻ പ്രധാന കാരണമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ആവശ്യക്കാർ ഏറിയതോടെ ആഗോള വിപണിയിൽ വില ഔൺസിന് 4,727.51 ഡോളർ വരെ ഉയർന്നു. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണ്ണം ശേഖരിക്കുന്നതും വില വർദ്ധനവിന് ആക്കം കൂട്ടി.
ഗ്രീൻലൻഡ് പ്രതിസന്ധി വരുംദിവസങ്ങളിൽ രൂക്ഷമാകുകയാണെങ്കിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔൺസിന് 5,000 ഡോളർ എന്ന നിലവാരത്തിലേക്ക് വില ഉടൻ എത്തിയേക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് മാറി സ്വർണ്ണത്തിലേക്ക് തിരിയുന്നത് വിലയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം അവസാനം 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 520 ദിർഹമായിരുന്നു വില. അവിടെ നിന്നാണ് ഈ വർഷം ജനുവരിയിൽ തന്നെ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. സ്വർണ്ണവിലയിലെ ഈ അപ്രതീക്ഷിത വർദ്ധനവ് സാധാരണക്കാരായ ഉപഭോക്താക്കളെയും ജ്വല്ലറി വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും സുരക്ഷിതമായ ആസ്തി എന്ന നിലയിൽ സ്വർണ്ണത്തോടുള്ള താൽപ്പര്യം വിപണിയിൽ കുറഞ്ഞിട്ടില്ല.








































