റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ, രാജ്യത്തെ എട്ട് പ്രധാന പ്രവിശ്യകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ മക്ക, ജിസാൻ, ഹായിൽ, ഖസീം, അസീർ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റ്, വലിയ തോതിലുള്ള ആലിപ്പഴ വീഴ്ച, ഇടിമിന്നൽ എന്നിവയോടൊപ്പം മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അവിടങ്ങളിലേക്കുള്ള യാത്രകൾ അധികൃതർ കർശനമായി വിലക്കിയിട്ടുണ്ട്. തോടുകൾക്കും തടാകങ്ങൾക്കും സമീപം പോകുന്നത് അപകടകരമാണെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനോ ലോഹനിർമിതികൾ തകരാനോ സാധ്യതയുള്ളതിനാൽ മിന്നലുള്ളപ്പോൾ ഇത്തരം ഇടങ്ങളിൽ അഭയം തേടരുതെന്ന് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. തബൂക്ക് പ്രവിശ്യയിലെ ജബൽ അൽ-ലൗസ്, അൽ-അഖാൻ തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും പ്രത്യേക നിർദ്ദേശങ്ങൾ ഗതാഗത വകുപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്യുമ്പോൾ ദൂരക്കാഴ്ച (Visibility) ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കണമെന്നും കൃത്യമായ അകലം പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.












































