കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ കുവൈത്തിന് പൂർണ പിന്തുണ അറിയിച്ച് ഇന്ത്യ രംഗത്ത്. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.
സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദുഷ്‌കര സാഹചര്യത്തിൽ കുവൈത്തിലെ ജനങ്ങളോടൊപ്പം ഇന്ത്യ നിൽക്കുമെന്നും അദ്ദേഹം എക്സിലൂടെ കുറിച്ചു.
പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കുവൈത്ത് നേതൃത്വം നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകൾ ശക്തമാകുന്നുവെന്ന സൂചനയാണിത്.
Indian Prime Minister Narendra Modi spoke with Kuwait’s Crown Prince Sabah Al-Khalid Al-Sabah, expressing solidarity and condemning violations of Kuwait’s sovereignty amid regional tensions.










































