നെടുമ്പാശ്ശേരി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് പകരം പുതിയ തീയതിയിലേക്ക് യാത്ര മാറ്റിക്കൊടുക്കാനൊരുങ്ങി വിമാന കമ്പനികൾ. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, വിമാന സർവീസുകൾ വലിയ രീതിയിൽ തടസ്സപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ യാത്രക്കാർക്ക് റീഫണ്ട് നൽകേണ്ടത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
പകരം മറ്റൊരു ദിവസം യാത്ര തിരഞ്ഞെടുക്കാത്തവർക്ക് പൂർണ്ണ റീഫണ്ട് ലഭിക്കും. എമിറേറ്റ്സ് എയർലൈൻസും ഇത്തിഹാദും 20 ദിവസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റിക്കൊടുക്കുമെന്ന് വ്യക്തമാക്കി. ഇൻഡിഗോയും മാർച്ച് 7 വരെ ടിക്കറ്റ് എടുത്തവർക്ക് റീഫണ്ടോ അല്ലെങ്കിൽ പകരം യാത്രാ തീയതിയോ അനുവദിച്ചിട്ടുണ്ട്.
കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബം നാട്ടിലെത്തി
സംഘർഷത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതോടെ പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുള്ള മകൾ സ്മൃതി മേനോൻ എന്നിവരടങ്ങിയ കുടുംബം സുരക്ഷിതമായി നാട്ടിലെത്തി.
ഇവരടങ്ങുന്ന എട്ടംഗ ഇന്ത്യൻ സംഘം കറാച്ചിയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് എത്തി. തുടർന്ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തിൽ ഡൽഹിയിലൂടെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്. കറാച്ചിയിൽ ബുദ്ധിമുട്ടൊന്നും നേരിടേണ്ടിവന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.
സ്പൈസ് ജെറ്റ് പ്രത്യേക സർവീസ്
പശ്ചിമേഷ്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സ്പൈസ് ജെറ്റ് കൊച്ചിയിലേക്ക് പ്രത്യേക സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇയിൽ നിന്നാണ് സർവീസ് നടത്താൻ ആലോചിക്കുന്നത്. തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Airlines have announced rescheduling and refund options for passengers affected by the Iran-Israel conflict. Emirates, Etihad, and IndiGo offered flexible travel changes, while SpiceJet plans special services to bring stranded passengers home.










































