പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർഗോഡിന്റെ മണ്ണിൽ നിന്ന് തുടക്കം കുറിക്കുമ്പോൾ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആരാവുമെന്ന ആകാംക്ഷക്ക് അവസാനമാവുകയാണ്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയെ സ്ഥാനാർഥിയാക്കാൻ യുഡിഎഫിൽ ധാരണയായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി കാസർഗോഡ് മത്സരിക്കാനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ കെഎം ഷാജിക്കെതിരെ ഹിന്ദു വോട്ട് ഏകീകരണം നടന്നേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഷാജിയെ കാസർഗോഡിറക്കാനുള്ള നീക്കത്തിൽ നിന്നും മുസ്‌ലിം ലീഗ് പിന്തിരിയുകയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
പകരം ജില്ലയിൽ നിന്ന് തന്നെയുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യം ഉൾകൊണ്ട് കൊണ്ട് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ കല്ലട്ര മാഹിൻ ഹാജിയെ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. കഴിഞ്ഞ ദിവസം സമസ്ത നൂറാം വാർഷിക സമ്മേളനത്തിനായി കാസർഗോഡ് എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ പ്രാദേശിക നേതൃത്വവുമായി നടത്തുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു.

തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര തുടങ്ങുന്നതിനു മുൻപ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുന്നണി ധാരണയിലെത്തിയത്. ഇരു സമസ്തകളുടെ പിന്തുണയും പൊതുസ്വീകാര്യതയുമാണ് സൗമ്യമുഖനായ കല്ലട്ര മാഹിൻ ഹാജിയെ തുണച്ചത്.










































