കൊച്ചി: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ബഹിഷ്കരണ സമരം ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കരുതെന്ന് സർക്കാരിനോട് ഹൈകോടതി നിർദേശിച്ചു. സമരത്തിന്റെ പേരിൽ രോഗികൾക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുതെന്നും ഇതിനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. സമരത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടർമാരുടെ സമരം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി അഡ്വ. അജീഷ് കളത്തിൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഒ.പി സേവനങ്ങൾ ഉൾപ്പെടെ ഡോക്ടർമാരുടെ സേവനം തടസ്സപ്പെടുകയാണെങ്കിൽ ആയിരക്കണക്കിന് രോഗികളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്ക ഹർജിയിൽ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കാനായി മാറ്റി.










































