പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ആശ്വസിപ്പിച്ചു. കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 15 മിനിറ്റ് വീട്ടിൽ ചെലവഴിച്ച ശേഷം കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തോട് വാഗ്ദാനം ചെയ്തു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആരോഗ്യ മന്ത്രി വീണ ജോർജും മുൻ എംഎൽഎ രാജു എബ്രഹാമും കൂടെയുണ്ടായിരുന്നു.
ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം നേരത്തെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം താൽക്കാലികമായി കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് സ്ഥാപനം ഒരുക്കുന്നത്.
ഫെബ്രുവരി 5ന് കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാം – ഷെറിൻ ആൻ ജോൺ ദമ്പതികളുടെ ഏക മകൾ ആലിൻ ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മുതൽ തിരുവല്ലയിലേക്ക് എം.സി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.










































