തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിട്ട് മൂന്നുവർഷ ബിരുദ കോഴ്‌സ് ഈ മാസം ഔദ്യോഗികമായി അവസാനിക്കുന്നു. രണ്ട് വർഷം മുൻപ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ പദ്ധതി നടപ്പാക്കിയതോടെ, അതിന് മുൻപ് പ്രവേശനം നേടിയ വിദ്യാർഥികളുടെ പഠനകാലാവധി ഇപ്പോൾ പൂർത്തിയാകുകയാണ്.
ഈ അധ്യയന വർഷം മാർച്ചിൽ പഠനം സമാപിപ്പിച്ച് പരീക്ഷയിലേക്ക് കടക്കുന്നതോടെ മൂന്നുവർഷ ബിരുദ സംവിധാനം ചരിത്രത്തിന്റെ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കാരങ്ങളുടെ ഭാഗമായി നാലുവർഷ ബിരുദ സംവിധാനം സംസ്ഥാനത്ത് ഘട്ടംഘട്ടമായി നടപ്പാക്കിയിരുന്നു.
അതേസമയം, നാലുവർഷ ബിരുദത്തിന്റെ അടുത്ത അധ്യയന വർഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടർ തിങ്കളാഴ്ച പുറത്തിറക്കി. വിദ്യാർഥികളുടെ അന്തഃസർവകലാശാല മാറ്റം, സെമസ്റ്റർ ഏകീകരണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് എല്ലാ സർവകലാശാലകളും ഒരേ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ അക്കാദമിക് കലണ്ടറിൽ ഓണം, ക്രിസ്മസ് അവധി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒന്നാം, മൂന്നാം, അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളജ് ക്യാമ്പസുകളിൽ തന്നെ നടത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) ബന്ധിപ്പിച്ച് കൂടുതൽ പ്രായോഗികവും വിദ്യാർത്ഥി സൗഹൃദവുമായ സംവിധാനത്തിലേക്ക് മാറ്റുകയാണ് നാലുവർഷ ബിരുദ പദ്ധതിയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
English Summary
Kerala’s higher education system is witnessing a major transition as the three-year undergraduate degree programme officially comes to an end this month. Students admitted under the old system are completing their course and appearing for final examinations, marking the conclusion of the three-year model.
The state had introduced the four-year undergraduate programme across all universities two years ago as part of higher education reforms. A new unified academic calendar for the upcoming academic year has also been released, ensuring standardisation across universities. The calendar includes major holidays and mandates campus-based evaluation for select semester examinations.










































