ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയിലെ (KSRTC) റിട്ടയർമെന്റ് ആനുകൂല്യങ്ങളുടെ വിതരണം സുപ്രീംകോടതി മേൽനോട്ടത്തിൽ നടത്തുമെന്ന് കോടതി വ്യക്തമാക്കി. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമ്പോൾ സീനിയോറിറ്റിയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് കോടതി ഇടപെടൽ.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും ഉൾപ്പെട്ട ബെഞ്ചാണ് ആനുകൂല്യ വിതരണം നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയത്. 2024ൽ വെഹിക്കിൾ ഇൻസ്‌പെക്ടറായി വിരമിച്ച പ്രദീപ് ഡി. നായർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദേശം.
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിലവിൽ 41,355 പെൻഷൻക്കാരുണ്ടെന്നും അവർക്കുള്ള പെൻഷൻ ബാധ്യത ഏകദേശം 16,000 കോടി രൂപയാണെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. കോർപറേഷന് പ്രതിവർഷം 1,500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നതും ആനുകൂല്യങ്ങൾ നൽകുന്നതിൽ താമസം വരാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.
എന്നാൽ ഈ വാദത്തോട് കോടതി വിയോജിച്ചു. വലിയ നഷ്ടം ഉണ്ടായിട്ടും സർവീസ് തുടരുന്നുണ്ടല്ലോ എന്നും, സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
പൊതുജന സേവനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള പ്രതിബദ്ധതയാണ് കോർപറേഷനിൽ നഷ്ടം വരാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സിക്കായി ഹാജരായ അഭിഭാഷകരായ ആബിദ് അലി ബീരാനും പ്രണവ് കൃഷ്‍ണയും കോടതിയിൽ വാദിച്ചു
കോർപറേഷൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെ ഹരജിക്കാരനായ പ്രദീപ് ഡി. നായർക്ക് പെൻഷൻ ആനുകൂല്യങ്ങളുടെ ഭാഗമായി 2 ലക്ഷം രൂപ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കോടതി നിർദേശം നൽകി.







































