ദുബായ് :പ്രവാസികളുടെ പ്രശ്ങ്ങളടക്കം ചർച്ച ചെയ്യുന്ന ലോക കേരള സഭയ്ക്ക് അടുത്തദ്ദാസ്എം തുടക്കമാകാൻ ഇരിക്കെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ തിരുവനന്തപുരത്ത് എത്തി . പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച് പരിഹാരം തേടുകയാണ് ലക്ഷ്യം.29, 30, 31 തീയതികളിലായി നടക്കുന്ന അഞ്ചാമത് ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നുമായി 182 പ്രതിനിധികൾക്കൊപ്പം 140 എംഎൽഎമാരും 20 എംപിമാരും 9 രാജ്യസഭാംഗങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ഇതേസമയം പ്രവാസികൾക്കു മുൻകാലങ്ങളിൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് കെഎംസിസി ഉൾപ്പെടെ യുഡിഎഫ് അനുകൂല പ്രതിനിധികൾ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.കോടികൾ ചെലവിട്ട് ധൂർത്തടിച്ചു നടത്തുന്ന ലോക കേരള സഭയെ പാർട്ടി പരിപാടിയാക്കി ചുരുക്കുകയാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവാസികളുടെ കണ്ണിൽ പൊടിയിടൽ തന്ത്രമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും ഇവർ ആരോപിക്കുന്നു.

സംസ്ഥാനത്തു തിരിച്ചെത്തിയവരെയും പ്രവാസി ഇൻഷുറൻസിൽ ഉൾപ്പെടുത്തുക. വിവിധ കാരണങ്ങളാൽ പ്രവാസി ക്ഷേമനിധി തുക അടയ്ക്കാൻ കഴിയാതെ പോയവർക്ക് മാനുഷിക പരിഗണനയിൽ ഒറ്റത്തവണ തീർപ്പാക്കലിലൂടെ പദ്ധതിയിൽ തുടരാൻ അനുവദിക്കുക, നിർബന്ധിത പേയ്മെന്റ് കാലയളവ് പൂർത്തിയാക്കാത്തതിനാൽ നിരസിക്കപ്പെട്ടവർക്ക് ഒരവസരം കൂടി നൽകുക തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ സഭയ്ക്കുമുന്നിൽ വയ്ക്കുമെന്ന് ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ശ്രീപ്രകാശ് പറഞ്ഞു.
ഇ-ഫെസിലിറ്റേഷൻ സെന്റർ എത്രയും വേഗം ആരംഭിക്കണമെന്നും ആവശ്യപ്പെടും. കേരള പൊലീസിലെ എൻആർഐ സെല്ലിലേക്കു ഓൺലൈൻ പരാതി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുക, കണക്ട് ടു സിഎം പോർട്ടൽ ഏർപ്പെടുത്തി പരാതികളും നിവേദനങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ സമർപ്പിക്കാനും തുടർന ടപടികൾക്കുമായി അവസരമൊരുക്കുക, പ്രവാസികൾക്ക് ആധാർ, പാൻ കാർഡ് സംബന്ധമായ സേവനങ്ങൾ (പുതിയ അപേക്ഷകൾ, പുതുക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ) നൽകുന്നതിനും ഇ-ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുമെന്നും ശ്രീപ്രകാശ് പറഞ്ഞു.
പ്രവാസികളുടെ തൊഴിൽ, സാമൂഹിക സുരക്ഷ, നിയമപരമായ സംരക്ഷണം, നിക്ഷേപ സാധ്യതകൾ, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച വിഷയങ്ങൾ മുൻകാലങ്ങളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടത് പ്രതീക്ഷ നൽകുന്നതായിരുന്നുവെന്ന് 3 തവണ ലോക കേരള സഭയിൽ പങ്കെടുത്ത അഡ്വ. അൻസാരി സൈനുദ്ദീൻ പറഞ്ഞു.
കേരളവും പ്രവാസലോകവും തമ്മിലുള്ള ബന്ധത്തെ ഔപചാരികവും സുസ്ഥിരവുമായ ഘടനയിലേക്ക് ഉയർത്തിയ ഈ സംരംഭം ജനാധിപത്യ ഭരണത്തിന്റെ ഒരു പുതിയ മാതൃകയായി മാറിയതായി ലോകകേരളസഭാംഗവും യുവകലാസാഹിതി അബുദാബി പ്രതിനിധിയുമായ റോയ് ഐ. വർഗീസ് പറഞ്ഞു.




































