അബുദാബി: യുഎഇയിലെ പ്രമുഖ സൈക്ലിംഗ് താരങ്ങൾ പങ്കെടുത്ത ‘ബൈക്ക് അബുദാബി ഗ്രാൻ ഫോണ്ടോ’ സൈക്ലിംഗ് ചലഞ്ചിൽ ജിഡിആർഎഫ്എ ദുബായ് ഇമിഗ്രേഷൻ (GDRFA Dubai) ടീം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. അൽ ഐനിൽ നിന്ന് ആരംഭിച്ച് തലസ്ഥാന നഗരിയായ അബുദാബിയിൽ സമാപിച്ച 150 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ മത്സരത്തിൽ ആറ് മെഡലുകൾ സ്വന്തമാക്കി ടീം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.മത്സരത്തിലുടനീളം കായികക്ഷമതയും തന്ത്രപരമായ നീക്കങ്ങളും ഒരുപോലെ പ്രകടിപ്പിച്ച ജിഡിആർഎഫ്എ താരങ്ങൾ, രാജ്യത്തെ പ്രമുഖ സൈക്ലിസ്റ്റുകൾ പങ്കെടുത്ത കായിക മാമാങ്കത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി. വ്യക്തിഗത വിഭാഗങ്ങളിലും ടീം ഇനങ്ങളിലും മികച്ച നേട്ടങ്ങളാണ് സംഘം സ്വന്തമാക്കിയത്.
പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പുരുഷ വിഭാഗത്തിൽ താരിഖ് ഉബൈദ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, വനിതാ വിഭാഗത്തിൽ കാർമെൻ ഒന്നാം സ്ഥാനത്തെത്തി ടീമിന് അഭിമാനകരമായ വിജയം സമ്മാനിച്ചു. ഇതേ വിഭാഗത്തിൽ പുരുഷന്മാരിൽ അഹമ്മദ് അൽ മൻസൂരി രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് ഇനത്തിൽ ജിഡിആർഎഫ്എ വനിതാ ടീം രണ്ടാം സ്ഥാനവും നേടി. കൂടാതെ, എമിറാത്തി പുരുഷ വിഭാഗത്തിൽ അഹമ്മദ് അൽ മൻസൂരിയും ഏജ് ഗ്രൂപ്പ് വിഭാഗത്തിൽ റാഷിദ് സുവൈദാനും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി, ചാമ്പ്യൻഷിപ്പിൽ ജിഡിആർഎഫ്എയുടെ മികവ് തെളിയിച്ചു.

കായിക രംഗത്ത് ജിഡിആർഎഫ്എ ദുബായ് നടത്തുന്ന നിരന്തര പരിശീലനങ്ങളുടെയും സമർപ്പിത പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടമെന്ന് അധികൃതർ വിലയിരുത്തി. ഉദ്യോഗസ്ഥരുടെ കായിക അഭിരുചികളും ആരോഗ്യപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്ന വകുപ്പിന്റെ നയമാണ് ഇത്തരം വലിയ വിജയങ്ങൾക്ക് അടിത്തറയാകുന്നതെന്നും അവർ വ്യക്തമാക്കി. പൊതുജന സേവനങ്ങളോടൊപ്പം ജീവനക്കാരുടെ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നടപ്പാക്കുന്ന വിവിധ പദ്ധതികളും ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മികച്ച വിജയം കൈവരിച്ച താരങ്ങളെ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു.


























