മസ്കത്ത്: ഹുർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിനുനേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന മാൾട്ടീസ് പതാക വഹിച്ച ‘സഫീൻ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നർ കപ്പലിനെയാണ് ബുധനാഴ്ച രണ്ട് മിസൈലുകൾ ലക്ഷ്യമിട്ടത്.
ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടായതായാണ് വിവരം. കപ്പലിൽ നിന്ന് ലഭിച്ച അപായ സന്ദേശത്തെ തുടർന്ന് ഒമാൻ റോയൽ നേവി ഉടൻ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
ജീവനക്കാർക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയതായും ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനുമുമ്പും പ്രദേശത്ത് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിരുന്നു. ഞായറാഴ്ച Strait of Hormuz സമീപം ഒമാനിലെ ഖസബ് തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈൽ അകലെ പാലാവു പതാക വഹിച്ച ‘സ്കൈ ലൈറ്റ്’ എന്ന എണ്ണക്കപ്പലിനും ആക്രമണം നേരിട്ടിരുന്നു.
തിങ്കളാഴ്ച മസ്കത്ത് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ മാർഷൽ ഐലൻഡ് പതാകയുമായി സഞ്ചരിച്ച ‘എം.കെ.ഡി വയോം’ എന്ന എണ്ണക്കപ്പലിനും ആക്രമണമുണ്ടായി. ഈ രണ്ട് ആക്രമണങ്ങളിലുമായി മൂന്ന് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ബുധനാഴ്ച ഒമാൻ തീരത്ത് മറ്റ് ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
A Maltese-flagged cargo ship bound for Saudi Arabia was attacked by missiles near the Strait of Hormuz. Oman’s Royal Navy rescued all 24 crew members after a fire broke out on board.










































