തിരുവനന്തപുരം: ശബരിമല കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാതാരങ്ങൾ സംഭാവന നൽകിയതായി സ്ഥിരീകരിച്ചു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. സ്വർണം നാണയങ്ങളായാണ് നൽകിയതെന്നും കണക്കുകൾ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്.
ഇതിനിടെ മോഹൻലാലും സുരേഷ് ഗോപിയും മൊഴി നൽകാൻ തയ്യാറാണെന്ന് വിജിലൻസിനെ അറിയിച്ചു. കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും.
ചിലർ സംഭാവന നൽകിയ സ്വർണത്തിന്റെ കൃത്യമായ അളവ് വ്യക്തമാക്കിയപ്പോൾ, ചിലർക്ക് തൂക്കം ഓർമ്മയില്ലെന്നുമാണ് അറിയിച്ചത്. ദേവസ്വം രേഖകൾ പ്രകാരം 27 പേർ സ്വർണം സംഭാവന നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. രേഖകളിൽ ഇല്ലാത്ത കൂടുതൽ പേർ സംഭാവന നൽകിയോയെന്ന് കണ്ടെത്താൻ മാധ്യമങ്ങളിലൂടെ പരസ്യം നൽകുന്നതും വിജിലൻസ് പരിഗണിക്കുന്നു.
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് കൊടിമര നിർമാണവും വാജി വാഹനം തന്ത്രിക്ക് കൈമാറിയതും. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് വിരുദ്ധമായിട്ടായിരുന്നു കൈമാറ്റമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിൽ നിന്ന് കൊണ്ടുപോയ വാജി വാഹനം തന്നെയാണോ തിരികെ എത്തിച്ചതെന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു.
കൊടിമര നിർമാണത്തിന് വൻതോതിൽ പണം പിരിച്ചതായും സംശയമുണ്ട്. ഹൈക്കോടതി അനുമതിപ്രകാരം രൂപീകരിച്ച വിജിലൻസ് സംഘം 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശം ലഭിച്ചിട്ടുണ്ട്.










































