ആരാധകർ ഏറെ കാത്തിരുന്ന പാൻ-ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ ഇന്ന് മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. നന്ദ കിഷോർ സംവിധാനം ചെയ്ത ഈ ചിത്രം മാസ്സ് ആക്ഷനും ഹൃദയസ്പർശിയായ കുടുംബബന്ധങ്ങളും കോർത്തിണക്കിയ ഒരു ദൃശ്യവിരുന്നാണ്.
കേവലം ഒരു ആക്ഷൻ ചിത്രം എന്നതിലുപരി, അച്ഛനും മകനും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ കഥയാണ് ‘വൃഷഭ’ പറയുന്നത്. ലാലേട്ടന്റെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ എന്നിവരുടെ മേൽനോട്ടത്തിൽ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്. സാം സി.എസ്. ഒരുക്കിയ പശ്ചാത്തല സംഗീതവും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും തിയറ്ററിൽ മികച്ച ശബ്ദാനുഭവം നൽകുന്നുവെന്ന് പ്രേക്ഷകർ പറയുന്നു.തെലുങ്ക് താരം റോഷൻ മേക്കക്കൊപ്പം ഷനയ കപൂർ, സഹറ എസ് ഖാൻ, രാഗിണി ദ്വിവേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ തുടങ്ങി വൻ നിര തന്നെ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നു.

കേരളത്തിൽ ആശീർവാദ് സിനിമാസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസും സംയുക്തമായി നിർമിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കന്നത്.


























