ദുബായ്: വീട്ടിലിരുന്ന് ജോലി ചെയ്ത് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനങ്ങളുമായി സോഷ്യൽ മീഡിയയിൽ വലവിരിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പോലീസ് വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജ പാർട്ട് ടൈം റിമോട്ട് വർക്ക് ഓഫറുകൾ നൽകി സാധാരണക്കാരെ കെണിയിൽ പെടുത്തുന്ന സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. കുറഞ്ഞ അധ്വാനത്തിൽ വേഗത്തിലുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഇത്തരം പരസ്യങ്ങളുടെ പിന്നിലെ ചതിക്കുഴികൾ തിരിച്ചറിയണമെന്നും ഡിജിറ്റൽ ജാഗ്രത കൈവിടരുതെന്നും പോലീസ് നിർദ്ദേശിച്ചു.
#BewareOfFraud എന്ന കാമ്പയിന്റെ ഭാഗമായാണ് തട്ടിപ്പുകാരുടെ പ്രവർത്തന രീതികൾ ദുബൈ പൊലീസ് വ്യക്തമാക്കിയത്. ജോലിക്കായുള്ള രജിസ്ട്രേഷൻ, അക്കൗണ്ട് ആക്ടിവേഷൻ ഫീസ് എന്നിങ്ങനെ വിവിധ പേരുകളിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നതാണ് ഇവരുടെ പ്രധാന രീതി. പണം കൈമാറുന്നതിനൊപ്പം തന്നെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാൻ ആവശ്യപ്പെടുന്നത് വഴി ഇരകളുടെ സാമ്പത്തിക ഭദ്രത പൂർണ്ണമായും അപകടത്തിലാകുന്നു. ചില സന്ദർഭങ്ങളിൽ, ഉദ്യോഗാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെ തന്നെ നിയമവിരുദ്ധമായ പണമിടപാടുകൾക്കായി (Money Laundering) തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാറുണ്ടെന്നും ഇത് ഇരകളെ വലിയ നിയമക്കുരുക്കുകളിൽ എത്തിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമാനുസൃതമായ ഒരു സ്ഥാപനവും ജോലി നൽകുന്നതിനായി റിക്രൂട്ട്‌മെന്റ് ഫീസോ മറ്റ് ചാർജുകളോ ഈടാക്കില്ല എന്നതാണ് ഉദ്യോഗാർത്ഥികൾ തിരിച്ചറിയേണ്ട പ്രാഥമിക വസ്തുത. ഒരു ജോലി ഓഫർ ലഭിക്കുമ്പോൾ കമ്പനിയുടെ വിശ്വാസ്യത നേരിട്ട് പരിശോധിക്കാനും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ആശയവിനിമയം നടത്താനും പൊതുജനങ്ങൾ ശ്രദ്ധിക്കണം. സ്ഥിരീകരിക്കാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അപരിചിതർക്ക് ബാങ്ക് ഒടിപി (OTP) കൈമാറുന്നതും ഒഴിവാക്കണം. അനായാസമായി പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങളിൽ വീഴുന്നത് സ്വന്തം സാമ്പത്തിക സുരക്ഷയെ മാത്രമല്ല, നിയമപരമായ നിലനിൽപ്പിനെയും ബാധിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്ക് ഇരയാകുകയോ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഒട്ടും വൈകാതെ പൊലീസിനെ അറിയിക്കേണ്ടതാണ്. ദുബൈ പോലീസിന്റെ ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ അടിയന്തരമല്ലാത്ത കേസുകൾക്കായി 901 എന്ന നമ്പറിലോ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം. സമൂഹത്തിന്റെ ജാഗ്രതയും പൊലീസുമായുള്ള സഹകരണവും വഴി മാത്രമേ ഇത്തരം അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലകളെ തകർക്കാൻ സാധിക്കൂ. സമാനമായ അനുഭവങ്ങൾ ഉണ്ടായവർ മറ്റുള്ളവരിലേക്ക് ഈ വിവരം പങ്കുവെക്കുന്നത് കൂടുതൽ പേർ കെണിയിൽ വീഴുന്നത് തടയാൻ സഹായിക്കും.









































