കൊച്ചി: ചികിത്സപ്പിഴവിനെ തുടർന്ന് വിദ്യാർഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ പാലക്കാട് പല്ലശ്ശന സ്വദേശിനിയായ ഒമ്പത് വയസ്സുകാരിക്ക് 21 വയസ്സാകുന്നതുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണമെന്ന് ഹൈകോടതി സർക്കാറിനോട് നിർദേശിച്ചു.
കുട്ടിയുടെ വൈകല്യം ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസ്സമാകരുതെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് ജില്ല ആശുപത്രിയിൽ നടന്ന സംഭവത്തിൽ വിനോദിനി എന്ന കുട്ടിക്ക് ഉണ്ടായ ദുരനുഭവം ചികിത്സപ്പിഴവിന്റെ ഭാഗമായാണെന്ന് പ്രാഥമികമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
സംഭവത്തിൽ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും എതിരെ അച്ചടക്കവും നിയമനടപടിയും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കും കൃത്രിമ കൈ ഘടിപ്പിക്കാനുമായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഡോ. സർഫറാസിനെ തിരിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും അതിനെതിരെ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്റ്റേറ്റ് അപ്പക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമാക്കുമെന്നും സർക്കാർ അറിയിച്ചു.
ആരോഗ്യ ഡയറക്ടർ കൺവീനറായ സമിതിയാണ് കേസ് പരിശോധിക്കുക. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരൻ നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ഉചിത നടപടി സ്വീകരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത്. കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ നിലയിൽ കുട്ടിയെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തമൊലിക്കുന്ന മുറിവിന് മുകളിൽ പ്ലാസ്റ്റർ ഇട്ടതിനെ തുടർന്ന് അണുബാധ വ്യാപിച്ചതായാണ് ആരോപണം.







































