തിരുവനന്തപുരം: ബി.ജെ.പി. ഓഫീസ് മുദ്ര പതിച്ച സർക്കുലർ മറ്റ് പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് അയച്ചു.
സർക്കുലർ ഒരു ഉദ്യോഗസ്ഥന്റെ പിഴവായി മാത്രം കാണാനാകില്ലെന്നും, മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശോധന കൂടാതെ ഇത്തരത്തിലുള്ള പ്രധാന രേഖകൾ പുറത്തേക്ക് പോകുന്നത് ഗൗരവകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവം യാദൃശ്ചിക വീഴ്ചയായി തള്ളിക്കളയാനാകില്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ അന്വേഷണം നടക്കുമെന്നും കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും അറിയിക്കണമെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ പ്രതികരിച്ചവർക്കെതിരെ കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയതായും റിപ്പോർട്ടുണ്ട്.
ജനാധിപത്യ സംവിധാനത്തിൽ ഇത്തരം സംഭവങ്ങൾ പൊതുജനങ്ങളിൽ നിന്ന് വിമർശനങ്ങളും അഭിപ്രായങ്ങളും ഉയരാൻ ഇടയാക്കുന്നതാണ്. വിമർശനങ്ങൾ മാന്യതയുടെ പരിധി ലംഘിക്കാത്തതും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് മാറാത്തതുമാണെങ്കിൽ അവയെ സ്വതന്ത്ര അഭിപ്രായപ്രകടനമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ പൂർണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കത്തിൽ പ്രത്യേകിച്ച് ഊന്നിപ്പറഞ്ഞു.













































