ദുബായ്: വിസ–താമസ സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ ദുബായ് നടപ്പാക്കിയ നൂതന പദ്ധതികളും പ്രവർത്തനരീതികളും പരിചയപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം. ജി.ഡി.ആർ.എഫ്.എ ദുബായ് സന്ദർശിച്ച പാസ്‌പോർട്ട്‌സ് ഡയറക്ടറേറ്റ് സംഘം, നിർമിതബുദ്ധിയുടെ സഹായത്തോടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കി ഉപഭോക്താക്കളുടെ സമയം ലാഭിക്കുന്നതുമായ സംവിധാനങ്ങൾ അടുത്തറിഞ്ഞു.



ഖത്തർ പാസ്‌പോർട്ട്‌സ് ഡയറക്ടറേറ്റിലെ ഏകീകൃത സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹന്നദിയാണ് സംഘത്തെ നയിച്ചത്. ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, പ്രവേശനാനുമതി–താമസ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത്ത് എന്നിവരും ഇരുപക്ഷത്തെയും മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.
യു.എ.ഇയും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം സർക്കാർ സേവനരംഗത്തെ സഹകരണം ശക്തിപ്പെടുത്താനും വിജയകരമായ അനുഭവങ്ങൾ പങ്കുവെക്കാനും ഉറച്ച അടിത്തറയാണെന്ന് ലഫ്: ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. നടപടികൾ ലളിതമാക്കിയും സേവനങ്ങൾ ഏകോപിപ്പിച്ചും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയുള്ള സേവനങ്ങളാണ് ദുബായ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.



സാങ്കേതികവിദ്യകൊണ്ടുമാത്രം സേവനമികവ് കൈവരിക്കാനാവില്ല. മികച്ച ഭരണനിർവഹണം, ജീവനക്കാരുടെ കഴിവുകൾ, നവീകരണം, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവ ഒരുമിക്കണം,” അൽ മർറി പറഞ്ഞു. അറിവും അനുഭവങ്ങളും കൈമാറാനും മികച്ച പ്രവർത്തനരീതികളിൽനിന്ന് പരസ്പരം പഠിക്കാനും സന്ദർശനം അവസരമൊരുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനാനുമതി–താമസ വിഭാഗത്തിലെ സേവനങ്ങളും വികസനപദ്ധതികളും സംഘത്തിന് വിശദീകരിച്ചു. അപേക്ഷ സമർപ്പിക്കുന്നതുമുതൽ സേവനം ലഭിക്കുന്നതുവരെയുള്ള നടപടികൾ എളുപ്പമാക്കാനും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും സ്വീകരിച്ച മാർഗങ്ങൾ അവതരിപ്പിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ സ്വയമേവ അംഗീകാരം നൽകുന്ന സംവിധാനം, വിവിധ സേവനങ്ങൾ ഒരുമിപ്പിച്ച പാക്കേജുകൾ, ആമർ കേന്ദ്രങ്ങളുടെ ഡിജിറ്റൽ നിരീക്ഷണ–ഓഡിറ്റിങ് സംവിധാനങ്ങൾ എന്നിവ സംഘം പരിചയപ്പെട്ടു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന പ്രവർത്തനമികവ് ഡാഷ്‌ബോർഡുകളും അവതരണത്തിൽ ഉൾപ്പെട്ടു.
ഭരണനിർവഹണവും സ്ഥാപന മികവും, അനാവശ്യ സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കുന്ന ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി’, ജനങ്ങളുടെ പെരുമാറ്റവും ആവശ്യങ്ങളും മനസ്സിലാക്കിയുള്ള സേവനവികസനം എന്നിവയിലെ അനുഭവങ്ങളും പങ്കുവെച്ചു. ഭാവിയിലെ അതിർത്തി കടന്നുപോകൽ സംവിധാനങ്ങൾ, അപകടസാധ്യതാ നിയന്ത്രണം, സ്ഥാപന ആശയവിനിമയം, ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും വിശദീകരിച്ചു.
ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ സെന്റർ സന്ദർശിച്ച സംഘം അവിടത്തെ നൂതന പദ്ധതികളും കസ്റ്റമർ എക്‌സ്പീരിയൻസ് ലാബ്, ഇന്നൊവേഷൻ ആക്‌സിലറേറ്റേഴ്‌സ് ലാബ് എന്നിവയുടെ പ്രവർത്തനങ്ങളും അടുത്തറിഞ്ഞു. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സേവനങ്ങൾ വികസിപ്പിക്കുന്ന സംരംഭങ്ങളാണ് ഇവിടെ പരിചയപ്പെടുത്തിയത്.
പാസ്‌പോർട്ട്–താമസ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്താനും ഭാവിയിലെ ആവശ്യങ്ങൾ നേരിടാനുള്ള സജ്ജത ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഇരുരാജ്യങ്ങളുടെയും സഹകരണത്തിന്റെ ഭാഗമായിരുന്നു സന്ദർശനം.










