ദോഹ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സാഹചര്യം പൂർണമായും നിയന്ത്രണത്തിലുള്ളതും സുരക്ഷിതവുമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്ഥിരീകരിക്കാത്ത വാർത്തകളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പുകളോ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുഭീതിയുണ്ടാക്കാനും നിയമനടപടികൾക്ക് ഇടയാക്കാനും ഇടയാകാമെന്നും വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയോടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും മൊബൈൽ ഫോണുകളിലേക്ക് സുരക്ഷാ സന്ദേശം അയച്ചിരുന്നു. പൊതുസുരക്ഷാ താൽപര്യാർത്ഥം സൈനിക കേന്ദ്രങ്ങളുടെ സമീപത്തുനിന്ന് വിട്ടുനിൽക്കാനും അത്യാവശ്യ കാരണങ്ങളില്ലാതെ പുറത്തുപോകാതിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ സമയബന്ധിതമായി വിവരങ്ങൾ കൈമാറുമെന്നും മന്ത്രാലയം ആവർത്തിച്ചു.
English Summary:
Qatar’s Ministry of Interior has confirmed that the security situation in the country remains stable and safe amid escalating tensions following US–Israel strikes on Iran. Authorities urged residents to rely only on official sources and avoid spreading unverified news or videos. Security agencies are closely monitoring developments and have issued precautionary public safety advisories.










































