യുഎഇയില ചില ഉൾപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ ഭാഗമായാണ് ചില തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുള്ളത്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും വടക്കുകിഴക്കൻ ദിശയിൽ നിന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ മണിക്കൂറിൽ 35 കിലോമീറ്റർ വേഗത വരെ കൈവരിച്ചേക്കാം.
അതിനിടെ യുഎഇയിൽ താപനിലയിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് 35°C വരെ ഉയർന്നേക്കാം. അബുദാബിയിൽ 31°C വരെയും ദുബായിൽ 29°C വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. എന്നാൽ, കുറഞ്ഞ താപനില അബുദാബിയിൽ 21°C, ദുബായിൽ 22°C, മലയോര മേഖലകളിൽ 13°C എന്നിങ്ങനെയായിരിക്കും.
രാത്രിയിലും ശനിയാഴ്ച പുലർച്ചെയും ചില തീരദേശ മേഖലകളിൽ അന്തരീക്ഷത്തിൽ ഈർപ്പം (Humidity) അനുഭവപ്പെടും. അബുദാബിയിൽ ഇത് 15 മുതൽ 65 ശതമാനം വരെയും ദുബായിൽ 45 മുതൽ 65 ശതമാനം വരെയും ആയിരിക്കും. അറേബ്യൻ ഗൾഫിൽ കടൽ ശാന്തമോ ചിലപ്പോൾ മിതമായതോ ആയിരിക്കും. ഒമാൻ കടലിൽ കടൽ ശാന്തമായിരിക്കും.














































