പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിലെ വ്യോമപാത ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് മാർഗം സർവീസുകൾ എർപ്പെടുത്തി വിമാനക്കമ്പനികൾ. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി ഒമാൻ ആസ്ഥാനമായുള്ള സലാം എയർ, ഒമാൻ എയർ എന്നീ വിമാനക്കമ്പനികൾ ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സലാം എയറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് നൽകുന്ന വിവരമനുസരിച്ച്, മാർച്ച് മൂന്ന് മുതൽ മാർച്ച് അഞ്ച് വരെയാണ് ഈ ബസ് സർവീസുകൾ പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും രാത്രി എട്ട് മണി മുതൽ 10.30 വരെയുമാണ് സർവീസുകൾ ലഭ്യമാകുക.
യുഎഇയിൽ നിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുടർയാത്ര ചെയ്യാൻ കഴിയാത്തവർക്കാണ് ഈ ബസ് സൗകര്യം പ്രധാനമായും പ്രയോജനപ്പെടുക. ബസ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ, ഈ രണ്ട് വിമാനക്കമ്പനികളിലും മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കിയ യാത്രക്കാർക്ക് അവിടെനിന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.
യാത്രക്കാർ തങ്ങളുടെ വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. ഒമാനിൽ എത്തുമ്പോൾ വിസ ലഭിക്കാൻ അർഹതയുള്ള സന്ദർശകർക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് സന്ദർശകർ ഒമാനിലെ പ്രവേശന നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ ‘വിസ ഓൺ അറൈവൽ’ സൗകര്യം നൽകുന്നുണ്ട്. ഒമാന്റെ ഔദ്യോഗിക വിസ പോർട്ടലായ evisa.rop.gov.om വഴി യാത്രക്കാർ തങ്ങളുടെ വിസ അർഹത പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ബസ് പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് യാത്രക്കാർ ഷാർജയിലെ നിശ്ചിത സ്റ്റേഷനിൽ എത്തിയിരിക്കണം. എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വാങ്ങിയിരിക്കണം. മുവാസലാത്ത് അൽ ജുബൈൽ ബസ് സ്റ്റേഷനിൽ ടിക്കറ്റ് വിൽപന ലഭ്യമായിരിക്കില്ല. ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ ‘മുവാസലാത്ത്’ ആണ് ഈ ബസ് സർവീസ് നടത്തുന്നത്.















































