റഷ്യ–യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ത്രിരാഷ്ട്ര ചർച്ചകളുടെ രണ്ടാംഘട്ടം ബുധനാഴ്ച അബൂദബിയിൽ ആരംഭിച്ചു. റഷ്യ, യുക്രൈൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുന്നു.
രണ്ടാംഘട്ട ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത് യു.എ.ഇയും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിലുള്ള ശക്തവും സന്തുലിതവുമായ ബന്ധങ്ങളുടെ പ്രതിഫലനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് Donald Trump നേതൃത്വം നൽകുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി നിർമാണാത്മക ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ യു.എ.ഇ നിർണായക പങ്ക് വഹിക്കുന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ചർച്ചകളിൽ കൈവരിച്ച പുരോഗതിയുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ കൂടുതൽ ധാരണയിലേക്കെത്താനാകുമെന്ന പ്രതീക്ഷയും മന്ത്രാലയം അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ എന്നിവരും മറ്റ് പ്രമുഖരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ജനുവരി അവസാനത്തിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പ്രതീക്ഷ നൽകുന്ന രീതിയിലായിരുന്നു അവസാനിച്ചത്.
നാല് വർഷത്തിലേറെയായി തുടരുന്ന സംഘർഷവും അതിനൊപ്പമുള്ള മാനുഷിക പ്രതിസന്ധികളും അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് ഈ ത്രിരാഷ്ട്ര ചർച്ചകൾ സഹായകരമാവുമെന്ന് നേരത്തെ യു.എ.ഇ വിദേശകാര്യ മന്ത്രി Abdullah bin Zayed Al Nahyan പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.











































