അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനെയും ഇറക്കണമെന്ന് ഇഷാന്റെ ആദ്യകാല പരിശീലകനായ ഉത്തം മജുംദാർ. മികച്ച ഫോമിലുള്ള ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ ഉറപ്പായും സ്ഥാനം നൽകണമെന്നും പറ്റുമെങ്കിൽ ഓപ്പണർ തന്നെയാക്കണമെന്നും ഉത്തം മജുംദാർ മാധ്യമങ്ങളോടു പ്രതികരിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് ഇഷാൻ കിഷനെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെടുത്തത്.‘ലോകകപ്പിനുള്ള പ്ലേയിങ് ഇലവൻ ബിസിസിഐ ടീം മാനേജ്മെന്റാണു തീരുമാനിക്കുന്നത്. പവർപ്ലേ ഓവറുകളിൽ അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനാണ് കൂടുതൽ നന്നായി കളിക്കുകയെന്നാണ് എനിക്കു തോന്നുന്നത്. ഇഷാൻ മിഡിൽ ഓർഡർ ബാറ്ററാണെന്നതു ശരിയാണ്. പക്ഷേ ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി അദ്ദേഹം ഓപ്പണിങ് ബാറ്ററുടെ റോളിലുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാന്റെ തകർപ്പൻ ബാറ്റിങ് നമ്മൾ കണ്ടതാണ്.’’– മജുംദാർ വ്യക്തമാക്കി.
ലോകകപ്പ് ടീമിലേക്കുള്ള രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇഷാൻ കിഷന്റെ വരവ്. 2023 ൽ അവസാന രാജ്യാന്തര ട്വന്റി20 കളിച്ച താരത്തിന്റെ ലോകകപ്പ് ടീമിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. സഞ്ജു സാംസണാണു ലോകകപ്പ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ടീമിനു പുറത്തായ സാഹചര്യത്തിൽ അഭിഷേക് ശർമയും സഞ്ജു സാംസണും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണു സാധ്യത.സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ 69 റൺസ് വിജയമാണ് ഹരിയാനയ്ക്കെതിരെ, ഇഷാൻ കിഷൻ നയിച്ച ജാർഖണ്ഡ് ടീം സ്വന്തമാക്കിയത്. ഫൈനലിൽ 49 പന്തുകൾ നേരിട്ട ഇഷാൻ 101 റൺസാണ് അടിച്ചുകൂട്ടിയത്. 10 സിക്സുകള്‍ കലാശപ്പോരിൽ മാത്രം ഇഷാന്റെ ബാറ്റിൽനിന്ന് ഗാലറിയിലെത്തി. രണ്ട് സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളുമാണ് ഈ സീസണിൽ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്വന്തമാക്കിയത്. ടൂർണമെന്റിൽ 517 റണ്‍സാണ് ഇഷാൻ ആകെ അടിച്ചുകൂട്ടിയത്.


























