ദുബായ്: ഷോപ്പിങ് പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 2026ൽ യുഎഇയിൽ ഏഴ് അത്യാധുനിക കൂടി പ്രവർത്തനമാരംഭിക്കുന്നു. കേവലം സാധനങ്ങൾ വാങ്ങാനുള്ള ഇടങ്ങൾ എന്നതിലുപരി, വിനോദം, ആരോഗ്യം, പ്രകൃതിയോട് ഇണങ്ങിയ അന്തരീക്ഷം എന്നിവയ്ക്ക് മുൻഗണന നൽകുന്ന വ്യത്യസ്തമായ രൂപകൽപനയാണ് ഈ മാളുകളുടെ പ്രത്യേകത. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ് തുടങ്ങിയ പ്രമുഖ മാളുകളുടെ വിപുലീകരണവും ഇതേ വർഷം തന്നെ പൂർത്തിയാകും. ഇതോടെ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർക്ക് ജോലി സാധ്യതയും വർധിക്കും.

ശോഭ ഹാർട്ട്‌ലാൻഡിലെ ‘ശോഭ മാൾ’ ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. പ്രമുഖ മലയാളി വ്യവസായി പി.എൻ.സി. മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ റിയൽറ്റിയുടെ റീട്ടെയിൽ മേഖലയിലേക്കുള്ള ആദ്യ ചുവടുവയ്പായ ഈ മാൾ 2026 രണ്ടാം പകുതിയോടെ തുറക്കും. ജിം, പ്ലേ കോർട്ടുകൾ, പത്തിലേറെ ഡൈനിങ് കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ടാകും.
വാദി അൽ സഫ 2ൽ സ്പാനിഷ് വാസ്തുവിദ്യയിൽ ഒരുങ്ങുന്ന ‘ലിവാൻ മാൾ’, ഔട്ട്ഡോർ ഷോപ്പിങ്ങിനും റൂഫ്‌ടോപ്പ് പൂളിനും പ്രാധാന്യം നൽകുന്ന ‘വില്ല സ്ക്വയർ’ എന്നിവയും അടുത്ത വർഷം സന്ദർശകരെ വരവേൽക്കും. ദുബായ് സൗത്ത് റസിഡൻഷ്യൽ ഡിസ്ട്രിക്റ്റിൽ ലഗൂൺ കാഴ്ചകളോടെ ഒരുങ്ങുന്ന ‘സൗത്ത് ബേ മാൾ’ മറ്റൊരു ആകർഷണമാണ്.

60ലേറെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പ്രീമിയം ഫൂഡ് ഹാളും ഇവിടെ സജ്ജീകരിക്കും. ദുബായ് ക്രീക്ക് ഹാർബറിൽ നിർമാണം പുരോഗമിക്കുന്ന ‘ദുബായ് സ്ക്വയർ’ ഒരു നഗരത്തിന് അകത്തെ നഗരം എന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഷോപ്പിങ് അനുഭവമാകും ഇവിടെ ലഭിക്കുക. വനത്തിന് നടുവിലെ ഷോപ്പിങ് എന്ന അനുഭവം നൽകുന്ന ‘ഗാഫ് വുഡ്‌സ് മാൾ’ 30,000ത്തിലധികം മരങ്ങൾക്കിടയിലാണ് ഒരുങ്ങുന്നത്.നിലവിലുള്ള മാളുകളിൽ ദുബായ് മാളിൽ 240 പുതിയ ആഡംബര ഷോപ്പുകൾ കൂടി ഉൾപ്പെടുത്തി വിപുലീകരണം പൂർത്തിയാക്കുന്നതോടെ യുഎഇയുടെ റീട്ടെയിൽ മേഖലയിൽ 2026 വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും









































