കോഴിക്കോട്: “എന്റെ പ്രസ്ഥാനത്തിനെതിരെ ഒരുവാക്ക് പോലും പറയില്ല” എന്ന് വ്യക്തമാക്കി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട്. വിവിധ രാഷ്ട്രീയ ഓഫറുകൾ ലഭിച്ചിട്ടും ലീഗിനെതിരെ നിലപാട് എടുക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ നടത്തിയത്.
“എന്നിൽ നിന്ന് വാർത്തയാക്കാൻ ഒരു വാക്ക് കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ലീഗിനെതിരെ മത്സരിക്കുക മാത്രമല്ല, ഒരു വാക്ക് പോലും എതിരായി പറയില്ല” എന്നാണ് അവർ വ്യക്തമാക്കിയത്.
കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന വനിതാ ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ കരുത്തും പ്രവർത്തകരുടെ പിന്തുണയും തന്നെയാണ് ഏറ്റവും വലിയ സമ്പത്തെന്നും അവർ പറഞ്ഞു.
പതിന്മൂന്ന് ലക്ഷത്തിലധികം അംഗങ്ങളുള്ള വനിതാ ലീഗ് സംഘടനയുടെ പ്രസിഡന്റായ നിലയിൽ, പ്രവർത്തകരുടെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും ഒരു സ്ഥാനവും അതിനേക്കാൾ വലുതല്ലെന്നും സുഹറാ മമ്പാട് വ്യക്തമാക്കി.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാൻ ശക്തമായ പ്രവർത്തനപദ്ധതി തയ്യാറാക്കിയതായും എല്ലാ ജില്ലകളിലും സംസ്ഥാന ഭാരവാഹികൾക്ക് ചുമതല നൽകിയതായും അവർ അറിയിച്ചു. ബൂത്ത് തലങ്ങളിൽ വനിതാ ലീഗ് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കുമെന്നും കുടുംബയോഗങ്ങൾ കൂടുതൽ സജീവമാക്കുമെന്നും അവർ പറഞ്ഞു.
പത്ത് വർഷത്തെ ഇടതു ഭരണത്തെ മാറ്റി യു.ഡി.എഫ് അധികാരത്തിലെത്തിക്കാൻ വനിതാ ലീഗിന്റെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.













































