ദുബായ്: ഡ്രൈവർ സീറ്റിൽ ആളില്ലാതെ പാഞ്ഞുപോകുന്ന കാറുകൾ ഇനി ദുബായ് നിരത്തുകളിലെ അദ്ഭുതക്കാഴ്ചയല്ല, യാഥാർഥ്യമാകുന്നു. ചൈനീസ് ടെക് ഭീമനായ ബൈദുവിന്റെ സ്വയം റൈഡ് ഹെയ്‌ലിയം സേവനമായ ‘അപ്പോളോ ഗോ’യ്ക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൂർണ ഡ്രൈവറില്ലാ പരീക്ഷണ പെർമിറ്റ് അനുവദിച്ചു.ദുബായിൽ ഇത്തരമൊരു അനുമതി ലഭിക്കുന്ന ആദ്യത്തെ ഏക കമ്പനിയായി ഇതോടെ അപ്പോളോ ഗോ മാറി.
2026ന്റെ ആദ്യ പകുതിയോടെ പൂർണമായും ഡ്രൈവറില്ലാത്ത ടാക്സി സർവീസുകൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിലേറെ വാഹനങ്ങൾ ദുബായ് നിരത്തിലിറക്കും. ഈ നൂതന സാങ്കേതികവിദ്യയുടെ സുഗമമായ നടത്തിപ്പിനായി മധ്യപൂർവദേശത്തെ ആദ്യത്തെ ‘‘ഇന്റലിജന്റ് ഓപ്പറേഷൻസ് ഹബ്ബും’ കമ്പനി ദുബായിൽ തുറന്നു കഴിഞ്ഞു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, സുരക്ഷാ പരിശോധനകൾ, വിദഗ്ധ പരിശീലനം എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ഈ ഹബ്ബിൽ നടക്കും.
2030നകം ദുബായിലെ ആകെ ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുക എന്ന ഭരണാധികാരികളുടെ സ്വപ്നപദ്ധതിക്ക് കരുത്തുപകരുന്നതാണ് പുതിയ നീക്കം. ആധുനിക ഗതാഗത സംവിധാനങ്ങൾ വേഗത്തിൽ സ്വീകരിക്കുന്ന ദുബായിലെ സാഹചര്യം തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് ബൈദു വൈസ് പ്രസിഡന്റ് വാങ് യുൻ പെങ് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ആർടിഎയുമായി ഒപ്പിട്ട കരാറിനെത്തുടർന്ന് ജൂലൈയിൽ കമ്പനിക്ക് പരീക്ഷണ ലൈസൻസ് ലഭിച്ചിരുന്നു. സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാ അനുഭവം ഉറപ്പാക്കി സ്മാർട്ട് ഗതാഗത രംഗത്ത് ലോകത്തിന് തന്നെ മാതൃകയാകാനാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ ദുബായിലെ തിരക്കേറിയ തെരുവുകളിലൂടെ ഡ്രൈവറില്ലാ കാറുകൾ പരീക്ഷണ ഓട്ടം നടത്തുന്നത് കാണാം









































