മനാമ: ഗൾഫ് മേഖലയിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അത്യാധുനിക ‘സ്‌കൈഹാമർ’ ഇന്റർസെപ്റ്റർ മിസൈലുകൾ ബഹ്റൈനിലേക്ക് അയക്കാൻ ബ്രിട്ടൻ തീരുമാനിച്ചു. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയാണ് ലണ്ടനിൽ നടന്ന പ്രതിരോധ സമ്മേളനത്തിൽ ഇത് പ്രഖ്യാപിച്ചത്.
ബഹ്റൈനിനൊപ്പം മറ്റ് ഗൾഫ് രാജ്യങ്ങൾക്കും ബ്രിട്ടീഷ് സായുധ സേനയ്ക്കും ഈ സുരക്ഷാ സംവിധാനം ലഭ്യമാക്കും. ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ കേംബ്രിഡ്ജ് എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത മിസൈലുകളാണ് വിതരണം ചെയ്യുന്നത്.
ഇറാന്റെ ഷാഹെദ് ഡ്രോണുകളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത സ്‌കൈഹാമർ മിസൈലുകൾക്ക് 30 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഇവ അടുത്ത മാസം മുതൽ ബഹ്റൈനിൽ വിന്യസിക്കാനാണ് പദ്ധതി.
ഫെബ്രുവരി 28ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 516 ഇറാനിയൻ ഡ്രോണുകളും 194 മിസൈലുകളും ബഹ്റൈൻ പ്രതിരോധ സേന തകർത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ഡ്രോൺ ശേഷി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ സംവിധാനങ്ങൾ പ്രതിരോധ ശക്തി വർധിപ്പിക്കുമെന്ന് വിലയിരുത്തുന്നു.
ദശലക്ഷക്കണക്കിന് പൗണ്ട് ചിലവുള്ള കരാറിൽ സാങ്കേതിക സഹായവും പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി ബ്രിട്ടൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചിട്ടുണ്ട്.

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും റോയൽ നേവി ഹെലികോപ്റ്ററുകളും ഇതിനകം പ്രതിരോധ ദൗത്യങ്ങളിൽ പങ്കാളികളാണ്. ഗൾഫ് പങ്കാളികളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജോൺ ഹീലി വ്യക്തമാക്കി.





































