അബൂദബി | UAE വാർത്ത
യുക്രൈൻ–റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ത്രികക്ഷി ചർച്ച അബൂദബിയിൽ പൂർത്തിയായി. യുക്രൈൻ, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചകൾ പ്രതീക്ഷ നൽകുന്നതായിരുന്നുവെന്നും, കൂടുതൽ ചർച്ചകൾ അടുത്ത ആഴ്ച നടക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി അറിയിച്ചു.
ചർച്ചകൾക്ക് ശേഷം തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുകയും തുടർചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത യുഎഇ സർക്കാരിനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമാണ് അദ്ദേഹം നന്ദി അറിയിച്ചത്.
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വെള്ളിയാഴ്ച അബൂദബിയിലെത്തി ചർച്ചകൾക്ക് തുടക്കം കുറിച്ചു. ചർച്ചകളിൽ പങ്കെടുത്ത പ്രതിനിധി സംഘങ്ങളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുകയും, ചർച്ചകൾ വിജയകരമാകാനും വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിന് സഹായകരമാകട്ടെയെന്നും ആശംസിക്കുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച ചർച്ചകൾ ശനിയാഴ്ച കൂടി തുടരുകയും, അതോടെയാണ് ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയത്.
ആദ്യദിനത്തിലെ ചർച്ചകൾ വളരെ ഗുണപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ, റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ മെയിൻ ഡയറക്ടറേറ്റ് മേധാവി ഇഗോർ കോസ്റ്റ്യുക്കോവ്, യുക്രൈൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൈറിലോ ബുഡനോവ്, യുക്രൈന്റെ ദേശീയ സുരക്ഷാ–പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം യുമെറോവ് എന്നിവരും, റഷ്യയിലും യുക്രൈനിലും നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു.
നേരത്തെ റഷ്യ, യുക്രൈൻ, യുഎസ് നേതാക്കൾ ചേർന്ന് അബൂദബിയിൽ നടത്തിയ ചർച്ചയെ യുഎഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. നാല് വർഷത്തിലേറെയായി തുടരുന്ന മാനുഷിക സംഘർഷങ്ങളും പ്രതിസന്ധികളും അവസാനിപ്പിക്കുന്നതിന് വ്യക്തമായ നടപടികൾ കൈക്കൊള്ളാൻ ഇത്തരം ത്രിരാഷ്ട്ര ചർച്ചകൾ സഹായകമാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രത്യാശ പ്രകടിപ്പിച്ചു.




































